1
കുന്നന്താനം പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്ത നിലയിൽ.

മല്ലപ്പള്ളി: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയിരുന്ന കുന്നന്താനം പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിട സമുച്ചയം യാഥാർത്ഥ്യമാവുന്നു. 2022 ഓഗസ്റ്റ് 25നാണ് ശിലാസ്ഥാപനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 16ന് വീണ്ടും തറക്കല്ലിടിൽ നടത്തി.തടസങ്ങളെല്ലാം ഒഴിവായിയെന്ന് അധികൃതർ പറയുമ്പോഴും കെട്ടിട നിർമ്മാണത്തിനുള്ള സ്ഥലം നിരപ്പാക്കുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനും നേരിട്ട കാലതാമസമാണ് പദ്ധതിയുടെ തുടക്കത്തിന് തടസമായത്. സാങ്കേതിക അനുമതി നൽകുന്നതിന് കെട്ടിടം നിർമ്മാണത്തിന്റെ ചുമതലയുള്ള ഹാബിറ്റാറ്റും,തദ്ദേശസ്വയംഭരണ വകുപ്പും തമ്മിലായിരുന്നു തർക്കം. ഇത് 2022 ഡിസംബറിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ മന്ത്രിയും, പഞ്ചായത്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മിൽ നടന്ന യോഗത്തിൽ പരിഹരിച്ചു. ഇതിനുശേഷം രണ്ടുവർഷം കഴിഞ്ഞിട്ടും കെട്ടിടം പണി തുടങ്ങിയിരുന്നില്ല. ചുമതലയേറ്റവർക്ക് എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം അഡ്വാൻസ് നൽകാതിരുന്നത് തടസങ്ങൾക്ക് മറ്റൊരു കാരണമായി. ഈ തടസം ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയിൽ നടത്തിയ ചർച്ചയിൽ പരിഹരിച്ചാണ് തറക്കല്ലിടൽ വീണ്ടും നടത്തിയത്.

199.60 ലക്ഷം രൂപയുടെ ഭരണാനുമതി

2018-19 ൽ പദ്ധതിക്കായി 199.60 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. മൂന്ന്നിലകളിലായി 7395 ചതുരശ്രയടി വിസ്തീർണത്തിൽ വിപുലമായ സൗകര്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ നിലകളിലായി എൻജിനീയറിംഗ് വിഭാഗത്തിന്റെ ഓഫീസും,ഫ്രണ്ട് ഓഫീസ്, പ്രസിഡന്റ്, ഓഫീസ് ജീവനക്കാർ, കുടുംബശ്രീ ഓഫീസ്, വി.ഇ.ഒ എന്നിവർക്കായി പ്രത്യേക മുറികളും,കോൺഫറൻസ് ഹാൾ, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്കുള്ള മുറികളും നിർമ്മിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

..................

കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തെ മണ്ണ് നീക്കം ചെയ്തതോടെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ അധികൃതർ മുൻകൈഎടുക്കണം. നിർമ്മാണം പൂർത്തിയാകുന്നതോടെ താലൂക്കിലെ വിപുലമായ സൗകര്യങ്ങളുള്ള പഞ്ചായത്തുകളിൽ ഒന്നായി കുന്നന്താനം മാറും.

...............................

3 നിലകൾ

7395 ചതുരശ്രയടി വിസ്തീർണം