പത്തനംതിട്ട : കരാർ കാലാവധി അവസാനിക്കുന്ന സംസ്ഥാനത്തെ ആദ്യസ്വകാര്യ ജലവൈദ്യുത പദ്ധതിയായ മണിയാർ വീണ്ടും സ്വകാര്യ കമ്പനിയെ ഏല്പിക്കാനുള്ള നീക്കത്തിന് പിന്നിൽ വൈദ്യുതി ബോർഡിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെന്ന് സൂചന. ബോർഡിന് ഒരു മുതൽ മുടക്കും കൂടാതെ ഏറ്റെടുക്കാവുന്ന പദ്ധതിയാണിതെന്ന് ഏതാനും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും പുതിയ പദ്ധതിയോടാണ് ഉന്നതർക്ക് താൽപ്പര്യം. അടുത്ത വർഷം ജനുവരിയിൽ കാർബൊറാണ്ടം കമ്പനിയുമായുള്ള കരാർ അവസാനിക്കും. നിലവിലെ സാങ്കേതിക വിദഗ്ദ്ധരെ നിലനിറുത്തിക്കൊണ്ടു തന്നെ വൈദ്യുതി ഉൽപ്പാദനം കെ.എസ്.ഇ.ബിക്ക് ഏറ്റെടുക്കാവുന്നതാണ്.
എന്നാൽ കരാർ കാലാവധി നീട്ടണമെന്നാണ് കാർബോറാണ്ടം കമ്പനിയുടെ ആവശ്യം. 1990ൽ സർക്കാർ നയത്തിൽ മാറ്റം വരുത്തിയാണ് നദീജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുമതി വ്യവസ്ഥകളോടെ സ്വകാര്യ സ്ഥാപനത്തിനു നൽകിയത്. പ്രവർത്തനം തുടങ്ങി 30 വർഷം കഴിയുമ്പോൾ നിലയം കെ.എസ്.ഇ.ബിക്ക് കൈമാറണമെന്നതായിരുന്നു കരാർ.
ലക്ഷ്യം സാമ്പത്തികം
കരാർ പുതുക്കി നൽകുമ്പോഴുള്ള വൻ സാമ്പത്തിക നേട്ടമാണ് വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ സ്വകാര്യ കമ്പനിയെ അനുകൂലിക്കുന്നതിന് പിന്നിലുള്ളതെന്ന് ആക്ഷേപമുണ്ട്. മണിയാറിലെ പമ്പ ജലസേചന പദ്ധതിയുടെ സംഭരണിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുന്നത്. നാല് മെഗാവാട്ട് വീതം പ്രവർത്തനശേഷിയുള്ള മൂന്ന് ജനറേറ്ററുകൾ പ്രവർത്തിക്കുന്നു.മണിയാറിൽ നിന്നുള്ള വൈദ്യുതി കെ.എസ്.ഇ.ബിയുടെ ലൈനുകളിലേക്കാണ് നൽകുന്നത്. പകരം കൊച്ചിയിലെ കാർബോറാണ്ടം ഫാക്ടറിയിലേക്ക് അത്രയും വൈദ്യുതി നൽകും.
മണിയാർ പദ്ധതി കാർബോറാണ്ടം കമ്പനിക്കു വിട്ടുകൊടുക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിക്കുന്നതെങ്കിൽ വരുംവർഷങ്ങളിൽ മറ്റു പദ്ധതികളും സ്വകാര്യ മേഖലയ്ക്കു തന്നെ നൽകേണ്ടിവരും. ഇത് കെ.എസ്.ഇ.ബിക്ക് വലിയ നഷ്ടമായിരിക്കും.
കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ
മണിയാർ പദ്ധതി കമ്മിഷൻ ചെയ്ത വർഷം :1995
പ്രതിദിന ഉത്പാദനം : 12 മെഗാവാട്ട്
പ്രതിവർഷം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില : 20 കോടി രൂപ