കോഴഞ്ചേരി : ഉത്രട്ടാതി ജലമേളയുടെ സുഗമമായ നടത്തിപ്പിനായി പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. പാരമ്പര്യത്തനിമയ്ക്കും സുരക്ഷയ്ക്കും ഊന്നൽ നൽകി ജലമേള വർണാഭമാക്കാനാണ് പള്ളിയോട സേവാസംഘം തയ്യാറെടുക്കുന്നത്. മത്സരവള്ളംകളിക്കായി നദിയിലെ മണൽപ്പുറ്റുകൾ നീക്കം ചെയ്യും. ഉത്രട്ടാതി ദിനത്തിന് ഒരാഴ്ച മുൻപ് നദിയിലെ ജലനിരപ്പ്കൂടി പരിഗണിച്ചാണ് മണൽപ്പുറ്റുകൾ നീക്കം ചെയ്ത് ട്രാക്ക് സജ്ജമാക്കുന്നത്. ആവശ്യമായി വന്നാൽ ഡാമുകൾ തുറന്നുവിട്ട് വെള്ളം ക്രമീകരിക്കും. ഇതിനായി ജലവിഭവ വകുപ്പ് മന്ത്രിയുമായി പള്ളിയോട സേവാസംഘം പ്രതിനിധികൾ ചർച്ച നടത്തി. മന്നം ട്രോഫിയ്ക്കും ആർ.ശങ്കർ സുവർണ ട്രോഫിയ്ക്കുമായി റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള പള്ളിയോടകരകളിലെ 52 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത്.
ആചാരത്തനിമയിൽ
മങ്ങാട്ട് ഇല്ലത്തുനിന്ന് ആറന്മുള ക്ഷേത്രത്തിലേക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന മങ്ങാട്ട് ഭട്ടതിരിയെ അക്രമികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതാണ് ആറൻമുള വള്ളംകളിയുടെ ഐതീഹ്യം. വെള്ളമുണ്ടും തലയിൽ കെട്ടുമായി വള്ളപ്പാട്ടുപാടി ആചാരത്തനിമയിൽ പള്ളിയോടങ്ങളിൽ കരക്കാർ പമ്പയിലൂടെ എത്തുന്നു. ആറന്മുളേശൻ പളളിയോടത്തിൽ കുടികൊള്ളുന്നു എന്ന വിശ്വാസമാണ് ഭക്തർക്കും പള്ളിയോട കരകൾക്കുമുള്ളത്.
സുരുക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം
സർക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്രട്ടാതി ജലമേളയിൽ ഇക്കുറി സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ലൈഫ് ജാക്കറ്റ് , ലൈഫ് ബോയ്, സ്കൂബ ഡൈവിംഗ് ടീം, ഫയർഫോഴ്സ്, പൊലീസ് എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണമാണ് ഒരുക്കുന്നത്.
കെ.വി.സാംബദേവൻ,
പള്ളിയോട സേവാസംഘം പ്രസിഡന്റ്
മത്സരവള്ളംകളിയിൽ
പങ്കെടുക്കുന്ന പള്ളിയോടങ്ങൾ : 52, എ ബാച്ചിൽ : 35 , ബി ബാച്ചിൽ : 17