അടൂർ : പുനർ നിർമ്മാണത്തിനായി പാലം പൊളിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ചു. ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ ഏഴംകുളം ദേവീക്ഷേത്രത്തിന് സമീപമുള്ള കനാൽ പാലമാണ് പൊളിക്കാൻ തുടങ്ങിയത്. പാലം പൊളിച്ചാൽ ക്ഷേത്രത്തിലും സ്‌കൂളിലും എത്താൻ ബുദ്ധിമുട്ടാകും. പാലമില്ലെങ്കിൽ ക്ഷേത്രത്തിലെത്താൻ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ടിവരും. സമീപത്തള്ള കുട്ടികൾക്ക് ഏഴംകുളം ഗവ.എൽ.പി.എസിൽ എത്താനും ചുറ്റിസഞ്ചരിക്കേണ്ടിവരും.പാലം പൊളിക്കുന്നതിനൊപ്പം സമാന്തരമായി താത്കാലിക പാലം നിർമ്മിച്ചാലേ ഇതിന് പരിഹാരമാകുവെന്ന് നാട്ടുകാർ പറഞ്ഞു.
പാലത്തിന് സമീപത്തുകൂടിയുള്ള കനാൽ റോഡ് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അമ്പലവയലിന്റെ അതിർത്തിയിലുള്ള പാലം വരെ എത്തുന്നുണ്ടെങ്കിലും റോഡിന് വീതി കുറവാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാനും സ്ഥലമില്ല. ഇതുമൂലം ഗതാഗതക്കുരുക്കുണ്ടാകും.
സെപ്തംബറിൽ വിനായക ചതുർത്ഥി ദിനത്തിലും തിരുവോണ ദിനത്തിലും ക്ഷേത്രത്തിൽ വലിയ തിരക്കുണ്ടാകാറുണ്ട്. . ഒക്ടോബർ ആദ്യം ഹിന്ദുമഹാസമ്മേളനവും നവാഹ ജ്ഞാനയജ്ഞവും നവരാത്രി സംഗീതോത്സവവും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. താത്കാലിക പാലം നിർമ്മിച്ചില്ലെങ്കിൽ ഇതെല്ലാം പ്രതിസന്ധിയിലാകും. ഏഴംകുളം ഗവ.എൽ. പി .എസിലെ അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പടെയാണ് ഇന്നലെ പ്രതിഷേധവുമായെത്തിയത്. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു