തിരുവല്ല : അപ്പർകുട്ടനാട് മേഖലയിൽ ഉൾപ്പെടുന്ന പെരിങ്ങരയിൽ ഭീതി വിതച്ച് കാട്ടുപന്നികൾ. പെരിങ്ങര പഞ്ചായത്ത് 11-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ കാട് നിറഞ്ഞ പുരയിടത്തിലും എട്ടാം വാർഡിൽ ഉൾപ്പെടുന്ന സ്വാമിപാലം, ഇളയിടത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി 25ൽ അധികം വരുന്ന കാട്ടുപന്നി കൂട്ടങ്ങളെ സമീപവാസികൾ കണ്ടത്. പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം കാട് മൂടി ആളൊഴിഞ്ഞുകിടക്കുന്ന പുരയിടത്തിന് സമീപത്ത് നായകളുടെ നിറുത്താതെയുള്ള കുരകേട്ട് സമീപവാസികൾ ചിലർ നടത്തിയ പരിശോധനയിലാണ് 15 ഓളം കാട്ടുപന്നി കൂട്ടങ്ങളെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ ചേർന്ന് പടക്കം പൊട്ടിച്ച് ശബ്ദം ഉണ്ടാക്കിയതോടെ ഇവ ചിതറിയോടി. ഇവയിൽ ആറോളം കാട്ടുപന്നികളെ രാത്രി 11 മണിയോടെ മറ്റൊരു പുരയിടത്തിൽ കണ്ടെത്തി. കാട്ടുപന്നികൾ ആക്രമകാരികളായതിനാൽ ഭീതിയിലാണ് പ്രദേശവാസികൾ. സമീപവാസികളിൽ ഒരാൾ ഇവയുടെ ദൃശ്യം മൊബൈലിൽ പകർത്തിയിരുന്നു. ബാക്കിയുള്ള പന്നിക്കൂട്ടം പഞ്ചായത്തിന് മുൻവശത്തുള്ള കാടുപിടിച്ച പുരയിടത്തിലേക്ക് കയറി.ഇന്നലെ രാവിലെ മുതൽ നാട്ടുകാർ ചേർന്ന് പലഭാഗങ്ങളിലും പന്നികളെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ആശങ്കയിൽ നാട്ടുകാർ

റാന്നി ഉൾപ്പെടുന്ന വനമേഖലയിൽ നിന്നും 50 കിലോമീറ്റർ ദൂരം വരുന്ന പെരിങ്ങരയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ എങ്ങനെ എത്തി എന്ന ആശങ്കയിലാണ് നാട്ടുകാർ. കാട്ടുപന്നികൾആക്രമിക്കുമെന്ന് പേടിയിലാണ് സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള പ്രദേശവാസികൾ. പന്നിക്കൂട്ടം കൃഷി നശിപ്പിപ്പിക്കുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.

.................................

അടിയന്തരമായി ഇവയെ കണ്ടെത്തി പിടികൂടുന്നതിനുള്ള നടപടികൾ വനംവകുപ്പ് അധികൃതർ സ്വീകരിക്കണം

(നാട്ടുകാർ)​