പത്തനംതിട്ട: പോക്‌സോക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാലപ്പുഴ മുണ്ടയ്ക്കൽ സ്വദേശി പ്രശാന്താണ് മരിച്ചത്. വിചാരണ പൂർത്തിയാക്കി, കേസിൽ വിധികാത്തിരിക്കവേയാണ് സംഭവം. കോടതി വിധി പ്രതികൂലമാകുമെന്ന ആശങ്കയെ തുടർന്ന് പ്രശാന്ത് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. 2022 ലാണ് പ്രശാന്തിനെ പ്രതി ചേർത്ത് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൈലാടുപാറയിൽ താമസിച്ചുവരുമ്പോൾ 5 വയസ്സുകാരനെ ലൈംഗികമായി ഉപയോഗിച്ചു എന്ന പരാതിയാണ് കേസിന് ആധാരം. കേസിൽ പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി വിചാരണ പൂർത്തിയാക്കിയിരുന്നു. ശേഷം, കേസ് പരിഗണിച്ച ദിവസം പ്രശാന്ത് ഹാജരായിരുന്നില്ല. തുടർന്ന് ഇയാൾക്കും ജാമ്യക്കാർക്കും കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.