കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിൽ എ.ടി.എം കൗണ്ടർ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ ഉൾപ്പെടുന്ന കൊക്കത്തോട്ടിലെ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ എ.ടി.എം സേവനങ്ങൾക്കായി കിലോമീറ്റർ സഞ്ചരിച്ച് ആരുവാപ്പുലം, ഐരവൺ, കോന്നി തുടങ്ങിയ പ്രദേശങ്ങളിലാണ് എത്തുന്നത്. ഇവിടെ എ.ടി.എം കൗണ്ടർ തുടങ്ങണമെന്ന് നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പ്രദേശത്തെ ഒരേക്കർ, അപ്പൂപ്പൻതോട്, നീരാമക്കുളം, കാട്ടാത്തി, കോട്ടാംപാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ എല്ലാം കോന്നിയിലും അരുവാപ്പുലം, ഐരവൺ പ്രദേശങ്ങളിലും എത്തിയാണ് എ.ടി.എം ഇടപാടുകൾ നടത്തുന്നത്. അരുവാപുലത്ത് രണ്ട് എ.ടി.എം കൗണ്ടറുകളും ഐരവണ്ണിൽ ഒരു എ.ടി.എം കൗണ്ടറുമാണ് ഉള്ളത്. പഞ്ചായത്തിലെ വനാന്തര ഗ്രാമമായ കൊക്കാതോട്ടിൽ 500 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.