temple

തിരുവല്ല : സംസ്ഥാനത്തെ ഏറ്റവുമധികം പഴക്കമുള്ളതെന്ന് വിശ്വസിക്കുന്ന കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രത്തിന്റെ വികസനസാദ്ധ്യതകൾ മനസിലാക്കാൻ പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എത്തി. ഇന്നലെ ഉച്ചയ്‌ക്കുശേഷം ഗുഹാക്ഷേത്രവും പരിസരങ്ങളും സന്ദർശിച്ച മന്ത്രി കവിയൂർ പഞ്ചായത്ത് ഓഫീസിലെ യോഗത്തിലും പങ്കെടുത്തു. തൃക്കക്കുടി പാറയുടെയും ക്ഷേത്രത്തിന്റെയും സംരക്ഷണവും പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകളും ഉൾപ്പെടുത്തി പഞ്ചായത്ത് തയ്യാറാക്കിയ ഒരുകോടി രൂപയുടെ പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങിയ നിവേദനം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ മന്ത്രിക്ക് കൈമാറി. പഞ്ചായത്ത് അംഗങ്ങളായ റേച്ചൽ വി.മാത്യു, ശ്രീകുമാരി രാധാകൃഷ്ണൻ ,അച്ചു സി.എൻ, സിന്ധു വി.എസ് ,പ്രവീൺ ഗോപി, സിന്ധു ആർ.സി.നായർ, അനിത സജി, രാജശ്രീ കെ.ആർ, സെക്രട്ടറി സാം കെ.സലാം, പുരാവസ്തുവകുപ്പ് ആർട്ടിസ്റ്റ് സൂപ്രണ്ട് രാജേഷ് കുമാർ, ഡിസ്‌പ്ളേ ടെക്‌നീഷ്യൻ മിൽട്ടൺ ഫ്രാൻസിസ്, കോൺഗ്രസ് എസ് ജില്ലാപ്രസിഡന്റ് ശ്രീകുമാർ, ഏരിയാസെക്രട്ടറി റെയ്ന ജോർജ് എന്നിവർ പങ്കെടുത്തു.

വി​കസന നി​ർദേശങ്ങൾ

ഒരുകോടി രൂപയുടെ പദ്ധതി, പാറയുടെ അതിരുകൾ തിട്ടപ്പെടുത്തി സംരക്ഷിക്കണം,

പൈതൃക കുളം വൃത്തിയാക്കൽ, പടിക്കെട്ടുകളുടെയും കൈവരിയുടെയും നവീകരണം, പാറകളുടെ മുകളിലേക്ക് വഴി, പാറകളെ ബന്ധിപ്പിച്ച് പാലം, വിദൂരദൃശ്യങ്ങൾ കാണാനുള്ള സൗകര്യം, ടേക് എ ബ്രേക്ക് പദ്ധതി​.

വഴിയൊരുക്കിയത് കേരളകൗമുദി പരമ്പര
തിരുവല്ല: ആരും തിരിഞ്ഞുനോക്കാനില്ലാതെ അവഗണനയിലായിരുന്ന തൃക്കക്കുടി ഗുഹാക്ഷേത്രത്തെക്കുറിച്ച് ആറുവർഷങ്ങൾക്കുമുമ്പ് " ദൈവമേ ഇനി നീ തന്നെ കനിയണെ.. " എന്ന ശീർഷകത്തിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പര ഏറെ ചർച്ചയായതിനെ തുടർന്ന് പ്രദേശം ഒട്ടേറെ വികസിച്ചു. ശിവലിംഗ പ്രതിഷ്ഠയുള്ള ഗുഹാക്ഷേത്രത്തിൽ മുടങ്ങിക്കിടന്ന നിത്യപൂജ ദേവസ്വംബോർഡ് ഇടപെട്ട് പുനരാരംഭിച്ചു. അന്നും മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റെ ഇടപെടലിൽ ക്ഷേത്രത്തിൽ കാവൽക്കാരനെയും നിയമിച്ചിരുന്നു. ജില്ലാപഞ്ചായത്തും കവിയൂർ പഞ്ചായത്തും അനുവദിച്ച ഫണ്ട് ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത നല്ലവഴിയും ഇരിപ്പിടങ്ങളും വഴിവിളക്കുകളും സാദ്ധ്യമാക്കി. കെ.എസ്.ആർ.ടി.സിയുടെ ബഡ്‌ജറ്റ്‌ ടൂറിസം സെല്ലിന്റെ സഹകരണത്തോടെ ഇവിടേക്ക് ടൂറിസ്റ്റുകളും എത്തുന്നുണ്ട്. ഗുഹാക്ഷേത്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കിയ മന്ത്രി ഇവിടെ സന്ദർശനം നടത്തുമെന്ന് വർഷങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ഈ വിഷയം വീണ്ടും മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് ഇന്നലെ സന്ദർശനം നടത്തിയത്.

സംരക്ഷിത സ്മാരകമായ തൃക്കക്കുടി പാറയുടെയും പ്രദേശത്തിന്റെയും വലിയ വികസനം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാദ്ധ്യമാക്കും. ഇതിനായി തിരുവിതാകൂർ ദേവസ്വംബോർഡിന്റെയും ടൂറിസം, പുരാവസ്തു വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യോഗം വിളിച്ചുചേർത്ത് തുടർനടപടികൾ കൈക്കൊള്ളും.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ