കൊല്ലം: തെരുവ് നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമായി ആശ്രാമം മൈതാനം മാറിയിട്ടും നടപടിയെടുക്കാതെ അധികൃതർ. തെരുവ് നായ്ക്കളെ പേടിച്ച് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും മൈതാനത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ഭയമാണ്.
തെരുവുനായ - സാമൂഹ്യ വിരുദ്ധ ശല്യത്തെക്കുറിച്ച് മൈതാനത്തിന്റെ പരിപാലന ചുമതലയുള്ള കോർപ്പറേഷൻ അധികൃതരെ പലതവണ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
മൈതാനത്തിന് സമീപം മാലിന്യം വലിച്ചെറിയുന്നതും നായ്ക്കളെ ഉപേക്ഷിക്കുന്നതും പതിവായതായി പരാതിയും ഉയർന്നിട്ടുണ്ട്. എ.ബി.സി പദ്ധതി പ്രകാരം പിടികൂടുന്ന തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ച സ്ഥലത്ത് തന്നെ ഇറക്കി വിടണമെന്നാണ് നിയമമെങ്കിലും ആശ്രാമം മൈതാനത്തിന്റെ ഭാഗങ്ങളിൽ ഉപേക്ഷിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
മൈതാനത്ത് നടത്തത്തിനും വ്യായാമത്തിനും വരുന്നവർക്ക് നേരേ പലതവണ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണേണ്ട അധികൃതർ മൗനം തുടരുകയാണ്.
കൂട്ടിന് സാമൂഹ്യവിരുദ്ധരും
ആശ്രാമം മൈതാനത്ത് സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷം
പൈതൃകവീഥിയിലെ തെരുവ് വിളക്കുകൾ നശിപ്പിക്കുന്നു
ഇരിപ്പിടങ്ങൾ കേട് വരുത്തുന്നു, മദ്യക്കുപ്പികൾ പൊട്ടിച്ച് വിതറുന്നു
വാഹനങ്ങളുടെ ടയറുകൾ പഞ്ചറാകുന്നു
ക്യാമറകൾ നശിച്ച നിലയിൽ
വെളിച്ചമില്ല, സുരക്ഷയും
രാത്രിയായാൽ ആശ്രാമം മൈതാനത്ത് വെളിച്ചമോ, സുരക്ഷയോ ഇല്ല. പ്രദർശന മേളകളുടെ മുന്നിലെ വെളിച്ചത്തിലാണ് ആളുകൾ കടന്നുപോകുന്നത്. രാത്രിയുടെ മറവിൽ ലഹരി മാഫിയ സംഘങ്ങളും ഇവിടെ തമ്പടിക്കുന്നുണ്ട്. പൊലീസിന്റെയോ പിങ്ക് പൊലീസിന്റെയോ സാന്നിദ്ധ്യം ഇല്ലാത്തത് ഗൗരവം വർദ്ധിപ്പിക്കുന്നു.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പാത നവീകരിക്കുകയും തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും നശിപ്പിച്ച നിലയിലാണ്.
പ്രദേശവാസികൾ