എഴുകോൺ : തെരുവു വിളക്കുകൾ കത്താതായതോടെ ഇരുട്ടിലായി എഴുകോൺ. പ്രധാന ജംഗ്ഷനുകളിലും പാതയോരങ്ങളിലും വഴിവിളക്കുകൾ കണ്ണടച്ചിട്ട് നാളുകളായി. എഴുകോൺ, അമ്പലത്തുംകാല, പോച്ചംകോണം, കാക്കകോട്ടൂർ, വാളായിക്കോട്, ഇലഞ്ഞിക്കോട്, കാരുവേലിൽ,പരുത്തൻ പാറ,കോഴിക്കോടൻമുക്ക്, ഇടയ്ക്കോട്, കൊച്ചാഞ്ഞിലിൻമൂട്, അറുപറക്കോണം, മജിസ്ട്രേറ്റ്മുക്ക്, ഹവ്വാബീച്ച്, കുളങ്ങുമല, ശാസ്ത്രി ജംഗ്ഷൻ, ഇ.എസ്.ഐ റോഡ്, കോളന്നൂർ തുടങ്ങിയ സ്ഥലങ്ങളും സന്ധ്യയായാൽ ഇരുട്ടിലാകുന്ന അവസ്ഥയാണ്.
ദേശീയപാതയിലെ പ്രധാന ജംഗ്ഷനായ ചീരൻകാവിലും തെരുവു വിളക്കുകൾ കത്താറില്ല. ഇവിടെ ഉയരവിളക്കുണ്ടെങ്കിലും മരച്ചില്ലകളാൽ പ്രകാശം മറയുന്ന നിലയാണ്.
പരാതി പറഞ്ഞു മടുത്തു
ജംഗ്ഷനിൽ റോഡ് തകർന്ന് കിടക്കുന്നതിനാൽ ഇരു ചക്രവാഹനങ്ങൾ ഇവിടെ അപകടപ്പെടുന്നതിനും വെളിച്ചക്കുറവ് കാരണമാകുന്നുണ്ട്.ബദാംമുക്ക് പോച്ചംകോണം പാറയ്ക്കൽ റോഡിലും, പാറയ്ക്കൽ ഇടയ്ക്കോട് ലക്ഷംവീട് റോഡിലും വിളക്കുകൾ കത്താനുണ്ട്. ഉൾ പ്രദേശങ്ങളിലെ ഗ്രാമവീഥികളിൽ കാൽനടയായി സഞ്ചരിക്കുന്നവർക്കാണ് വലിയ ബുദ്ധിമുട്ട്. സന്ധ്യമയങ്ങിയാൽ നടന്നു പോകാൻ വെളിച്ചം കിട്ടാറില്ല. കൂലി വേലയ്ക്കും മറ്റും പോയി മടങ്ങുന്ന പ്രായമേറിയവരും വിദ്യാർത്ഥികളും പരാതി പറഞ്ഞു മടുത്തു.കനാൽ പാതകളിലൂടെ നടന്ന് പോകുന്നവർക്കും കഠിനയാത്രയാണ് നിലവിൽ. പാതയോരങ്ങളിൽ പോച്ച വളർന്ന് തിങ്ങിയതും ഇടമുറിയാതെ മഴ പെയ്യുന്നതും ഇഴ ജന്തുക്കളുടെ ശല്യത്തിനും കാരണമാകുന്നുണ്ട്.
1). ഫ്യൂസായ ബൾബുകൾ മാറണം
2).അറ്റകുറ്റ പണികൾ വേണ്ടുന്നിടങ്ങളുമുണ്ട്.
3) ഇടപെടാതെ പഞ്ചായത്ത് അധികൃതർ
നാടാകെ ഇരുട്ടിലായിട്ടും അനങ്ങാപാറ നയത്തിലാണ് പഞ്ചായത്ത് അധികൃതർ. ശക്തമായ സമരം സംഘടിപ്പിക്കും.
എം. പി. മനേക്ഷ,
ലോക്കൽ സെക്രട്ടറി, സി.പി.എം എഴുകോൺ ഈസ്റ്റ് കമ്മിറ്റി
കരാർ ജോലികൾ തുടങ്ങി
എൽ.ഇ.ഡി ബൾബുകൾ ഉൾപ്പെടെ ഫ്യൂസായ മുഴുവൻ വിളക്കുകൾ മാറുന്നതിനും അറ്റകുറ്റ പണി നടത്തുന്നതിനും 10 ലക്ഷത്തോളം രൂപയ്ക്ക് കരാർ നൽകി ജോലികൾ തുടങ്ങി കഴിഞ്ഞു. മഴക്കാലത്ത് ചില നിയന്ത്രണങ്ങൾ ഉള്ളതാണ് കാലതാമസം വരുത്തുന്നത്.
ടി. ആർ.ബിജു,
വികസനകാര്യ ചെയർമാൻ, എഴുകോൺ ഗ്രാമ പഞ്ചായത്ത്