30 വയസിന് മുകളിലുള്ള 14.86 ശതമാനം പേർക്ക് രക്താതി​മർദ്ദം

കൊല്ലം: ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ജീവിതശൈലി രോഗനിർണയ സർവേയി​ൽ രക്താതി​മർദ്ദം (ഹൈപ്പർ ടെൻഷൻ) ഉള്ളവരുടെ എണ്ണം ജില്ലയിൽ വർദ്ധി​ക്കുന്നുവെന്ന് കണക്കുകൾ.

രണ്ടാംഘട്ട സർവേ (ശൈലി​) ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ 30 വയസിന് മുകളിലുള്ള 14.86 ശതമാനം പേർക്കാണ് രക്താതിമർദ്ദം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ ആകെ 7553 പേരുടെ വിവരശേഖരണമാണ് പൂർത്തിയായത്. ഇതിൽ 1,112 പേർക്ക് രോഗം സ്ഥിരീകരിച്ചു. 744 പേർക്ക് പ്രമേഹവും 518 പേർക്ക് പ്രമേഹത്തി​നൊപ്പം രക്താതിമർദ്ദവും സ്ഥിരീകരിച്ചു. ഇവർക്ക് തുടർചികിത്സ ഉറപ്പാക്കും. 4212 പേർ ഹൈറിസ്ക് പട്ടികയിലാണ്. ഒന്നാം ഘട്ട സർവേയി​ൽ പങ്കെടുത്ത 12.99 ലക്ഷം പേരിൽ 1.60 ലക്ഷം പേർക്കാണ് രക്താതിമർദ്ദം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഉയർന്ന രക്താതിമർദ്ദമുള്ള ജില്ലകളിൽ രണ്ടാംസ്ഥാനം ആദ്യഘട്ടത്തിൽ കൊല്ലത്തിനായിരുന്നു. പരിശോധന നടത്തിയ മൂന്നിൽ ഒരാൾക്ക് രക്താതിമർദ്ദം ഉണ്ടെന്നാണ് കണ്ടെത്തൽ. ജീവിത ശൈലി രോഗസാദ്ധ്യത കണ്ടെത്തിയവർ ഓരോ ആഴ്ചയിലും പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിർദ്ദേശം.

രക്താതിമ‌ർദ്ദം

 രക്തധമനികളിലുണ്ടാക്കുന്ന മർദ്ദം അമിതമാകുന്ന അവസ്ഥ

 പ്രമേഹം,​ മദ്യപാനം,​ പുകവലി,​ അമിത മാനസിക സമ്മർദ്ദം,​ അനാരോഗ്യ ഭക്ഷണ രീതി, പാരമ്പര്യം എന്നിവയും കാരണങ്ങൾ

 തലവേദന,​ ശ്വാസംമുട്ടൽ,​ അമിതമായ വിയർപ്പ്,​ കാഴ്ചയ്ക്ക് മങ്ങൽ,​ ശരീരമാസകലം പെരുപ്പ് എന്നിവ പ്രധാന ലക്ഷണങ്ങൾ

 നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയാഘാതം,​ പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകാം

പോരായ്മ നികത്തി ശൈലി 2.0

 ഇ- ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി 2.0 ആപ്പ് വഴി ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി സർവേനടത്തും

 സർവ്വേയോടൊപ്പം ജനകീയ ആരോഗ്യകേന്ദ്ര ടീം അംഗങ്ങൾ സ്ക്രീനിംഗ് ആരംഭിക്കും

 രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേൾവിക്കുറവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ, വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യത സർവ്വേയും തുടർന്ന് സ്‌ക്രീനിംഗും നടത്തും

 നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി,30 വയസിന് മുകളിലുള്ളവരെ സ്‌ക്രീനിംഗ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം

ഹൈറിസ്ക് പട്ടികയിൽ ഉള്ളവർ സബ്സെന്ററുകൾ വഴി പരിശോധനയ്ക്ക് വിധേയമായി രോഗം ഇല്ലെന്ന് ഉറപ്പാക്കണം. നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിലൂടെ അവസ്ഥ സങ്കീർണമാകാതെ നിയന്ത്രിക്കാൻ സാധിക്കും

ഡോ. ദിവ്യ ശശി, നോഡൽ ഓഫീസർ, നവകേരള കർമ്മപദ്ധതി