ഉദ്ഘാടനം കഴിഞ്ഞു ഒരു വർഷം പിന്നിടുമ്പോഴും അടച്ചു പൂട്ടി കാട് കയറി നശിക്കുന്ന കുളത്തൂപ്പുഴയിലെ രവീന്ദ്രൻ സ്മാരകം
ഏരൂർ : സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്‌റ്ററുടെ സ്മരണയ്ക്കായി ജന്മനാടായ കുളത്തൂപ്പുഴയിൽ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി പണിതുയർത്തിയ സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്‌ത് ഒരു വർഷം പിന്നിടുമ്പോഴും അടച്ച് പൂട്ടിയ നിലയിൽ. രാഗസരോവരം എന്ന് പേരിട്ടിരിക്കുന്ന സ്മാരക മന്ദിരം കാട് കയറി കിടക്കുകയാണ്. ഉദ്‌ഘാടനം കഴിഞ്ഞ് പഞ്ചായത്ത് ഒരു ജീവനക്കാരനെ നിയോഗിച്ചെങ്കിലും രണ്ട് മാസമായപ്പോൾ ആ ജീവനക്കാരനെയും പിൻവലിച്ചു.
പ്രശസ്ത ശിൽപ്പിയും ചലച്ചിത്രകാരനുമായ രാജീവ് അഞ്ചലിനെ കൺസൾട്ടന്റാക്കിയാണ് പഞ്ചായത്ത് പദ്ധതി ആസൂത്രണം ചെയ്തത്.
60 ലക്ഷം മുടക്കിയാണ് ഒന്നാം ഘട്ടം പൂർത്തിയായത് .
കലകളുടെ പരിപോഷണമുൾപ്പടെയാണ് ലക്ഷ്യമിട്ടിരുന്നത്.
രവീന്ദ്രൻ മാഷിന് ലഭിച്ച അംഗീകാരങ്ങളുടെ നിത്യവിസ്മയായി പുരസ്കാരങ്ങൾ സൂക്ഷിക്കാൻ പ്രത്യേക മ്യൂസിയവും ഉദ്യാനവും രൂപരേഖയിലുണ്ട്.
2009 ജനുവരി 31ന് ഗാനഗന്ധർനൻ യേശുദാസ് സ്മാരക മന്ദിരത്തിന് ശിലപാകി
രാഗസരോവരം എന്ന പേര് നൽകിയത് ഒ.എൻ.വി കുറുപ്പ്
ഉദ്ഘാടനം 2023 ജൂലായ് 7ന് മന്ത്രി സജി ചെറിയാൻ
തുറന്നുവച്ച പുസ്തകത്തിൽ സംഗീത ഉപകരണമായ ചെല്ലോ ചാരിവച്ച നിലയിൽ ആണ് കെട്ടിടത്തിന്റെ രൂപകൽപ്പന.
പൂർത്തിയായ ആദ്യ ഘട്ടത്തിൽ ചില മാറ്റങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഉന്നതങ്ങളിൽ ആരോ അയച്ച പരാതിയെ തുടർന്നാണ് മാറ്റങ്ങൾ നിർദേശിക്കപ്പെട്ടത്. വിഷയം പഞ്ചായത്ത് ഭരണസമിതിയുടെ പരിഗണനയിലാണ്. തീരുമാനമുണ്ടായാൽ ഉടൻ മാറ്റങ്ങൾ വരുത്തി സ്‌മാരകം നാടിന് സമർപ്പിക്കും.