വിനയായത് ദേശീയപാത വികസനം

കൊല്ലം: കടപ്പാക്കട മുതൽ കല്ലുംതാഴം ജംഗ്ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ താണ്ടാൻ മുമ്പ് അഞ്ച് മിനുട്ട് മതിയായിരുന്നെങ്കിൽ ഇപ്പോൾ വേണ്ടത് അര മണിക്കൂറോളം! ദേശീയപാത 66 ആറ് വരിയാക്കുന്നതിന്റെ ഭാഗമായി കല്ലുംതാഴം ജംഗ്ഷനിൽ നടക്കുന്ന മേൽപ്പാല നിർമ്മാണത്തിന്റെയും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുടെയും അനന്തര ഫലമെന്നോണമാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായത്.

വീതി കുറഞ്ഞ റോഡിൽ ഗതാഗതക്കുരുക്കുള്ള സമയത്ത് രോഗികളുമായി പോകുന്ന ആംബുലൻസുകൾ 30 മിനുട്ട് വരെ കുരുക്കിൽപ്പെടുന്ന അവസ്ഥയാണ്. ജില്ലാ ആശുപത്രിയിലേക്കും മറ്റും രോഗികളെ എത്തിക്കണമെങ്കിൽ ആംബുലൻസ് ഡ്രൈവർമാർ പെടാ

പ്പാട് പെടുകയാണ്. ആംബുലൻസുകൾ കുരുക്കിൽപ്പെടുന്നത് രോഗികളുടെ ജീവനെപ്പോലും ബാധിക്കുന്ന സ്ഥിതിയായിട്ടുണ്ട്. രാവിലെ ഓഫീസുകളിലേക്ക് പോകുന്നവരും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും കൂട്ടമായി കല്ലുംതാഴം ജംഗ്ഷനിലെത്തുന്നതോടെ ഇവിടം നിശ്ചലമാകുന്ന അവസ്ഥയിലാണ്. ദേശീയപാത നിർമ്മാണ കമ്പനിയിലെ ജീവനക്കാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഗതാഗത നിയന്ത്രണത്തിനുണ്ടെങ്കിലും കുരുക്ക് പരിഹരിക്കാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

മൂന്നാംകുറ്റി, മങ്ങാട്, കടപ്പാക്കട എന്നി​വി​ടങ്ങളി​ൽ നി​ന്ന് കല്ലുംതാഴത്തേക്കുള്ള റോഡി​ലാണ് പ്രധാനമായും ഗതാഗതകുരുക്ക് രൂക്ഷമാവുന്നത്. ഓണക്കാലമാകുന്നതോടെ കുരുക്ക് മുറുകും. അതി​നാൽ എത്രയും വേഗം പരി​ഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇഴഞ്ഞ് സ്വകാര്യ ബസുകളും

കല്ലുംതാഴത്തെ ഗതാഗതക്കുരുക്കിനെ തുടർന്നുണ്ടാകുന്ന സമയനഷ്ടം മൂലം സ്വകാര്യബസുകൾക്ക് യഥാസമയം സർവീസ് പൂർത്തിയാക്കാനാകുന്നില്ല. ഇഴഞ്ഞു നീങ്ങുന്നതിനാൽ ഇന്ധന നഷ്ടവുമുണ്ട്. ലഭിക്കുന്ന വരുമാനം ഡീസലിനും ജീവനക്കാരുടെ വേതനത്തിനും മാത്രമേ തി​കയുന്നുള്ളൂവെന്ന് ഉടമകൾ പറയുന്നു.

എട്ട് മിനിറ്റ് കൊണ്ട് എത്തേണ്ടിടത്തേക്ക് അരമണിക്കൂർ വേണ്ടി​വരുന്നു. റോഡി​ലാകെ കുഴി​കളാണ്. കരിക്കോട് നിന്ന് കൊല്ലത്തേക്ക്‌ വരുന്ന വാഹനങ്ങൾ യു ടേൺ ഒഴിവാക്കി പാലത്തിനടിയിലൂടെ കടന്നുപോകാൻ അനുവദിക്കണം. എങ്കിലേ കുരുക്കിന് താത്കാലിക പരിഹാരമാകൂ

രാഹുൽ, കൃഷ്ണപ്രിയ ബസ് ഉടമ