ഏറ്റെടുക്കുന്നത് 245 സെന്റ്
കൊല്ലം: കൂട്ടിക്കട ആർ.ഒ.ബിയുടെ സാമൂഹ്യാഘാത പഠനത്തിനും വിദഗ്ദ്ധ സമിതി തയ്യാറാക്കിയ മാനേജ്മെന്റ് ആക്ഷൻ പ്ലാനിനും സർക്കാർ അംഗീകാരം. കിഫ്ബി സ്ഥലമേറ്റെടുക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ സബ്ഡിവിഷൻ നടപടികൾ ഉടൻ ആരംഭിക്കും.
ആർ.ഒ.ബിയുടെയും അപ്രോച്ച് റോഡിന്റെയും അലൈൻമെന്റിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ സർവ്വേ നമ്പറിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദമായ വിവരങ്ങൾ ഇനി തയ്യാറാക്കണം. തുടർന്ന് വിലനിർണയം നടക്കും. 220 സെന്റ് ഭൂമിയാണ് കൂട്ടിക്കട ആർ.ഒ.ബിക്കായി ഏറ്റെടുക്കാൻ ആദ്യം തീരുമാനിച്ചത്. ചന്തക്കടയിൽ ഓവർബ്രിഡ്ജിന്റെ അപ്രോച്ച് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റൗണ്ട് എബൗട്ട് നിർമ്മിക്കാൻ 25 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കാൻ പിന്നീട് തീരുമാനിച്ചു.
ഒന്നര വർഷത്തിനുള്ളിൽ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കി ആർ.ഒ.ബി നിർമ്മാണം ടെണ്ടർ ചെയ്യാനാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. തട്ടാമല- കൂട്ടിക്കട റോഡിൽ തുടങ്ങി കൂട്ടിക്കട- തിരുമുക്ക് റോഡിൽ അവസാനിക്കുന്നതാണ് ആർ.ഒ.ബി.
........................................
സാമൂഹ്യാഘാത പഠനം ഉടൻ
കൊല്ലം എസ്.എൻ കോളേജ് ആർ.ഒ.ബിയുടെ സാമൂഹ്യാഘാത പഠനം നടത്താൻ കളക്ടർ ഉടൻ എംപാനൽഡ് ഏജൻസിയെ ചുമതലപ്പെടുത്തും. പരമാവധി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് കളക്ടർ നിയോഗിക്കുന്ന വിദഗ്ദ്ധസമിതി തയ്യാറാക്കുന്ന മാനേജ്മെന്റ് ആക്ഷൻ പ്ലാനിന് സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ ഓരോ സർവേ നമ്പരിലും നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് കണക്കാക്കി വിലനിർണയത്തിലേക്ക് കടക്കും. 97.13 ആർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നിലവിൽ അനുമതി നൽകിയിട്ടുള്ളത്.
.........................................................
നീളം: അപ്രോച്ച് സഹിതം 462.811 മീറ്റർ
വീതി:10.2 മീറ്റർ
കിഫ്ബി അനുവദിച്ചത്: 52.24 കോടി
ഏറ്റെടുക്കുന്നത്: 245 സെന്റ്
...................................................
കൂട്ടിക്കട ആർ.ഒ.ബിയുടെ മാനേജ്മെന്റ് ആക്ഷൻ പ്ലാനിന് സർക്കാരിന്റെ അനുമതി ലഭിച്ചു. സബ്ഡിവിഷൻ നടപടികൾ വേഗം പൂർത്തിയാക്കും
കിഫ്ബി സ്ഥലമേറ്റെടുക്കൽ വിഭാഗം