കരുനാഗപ്പള്ളി: കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ വടക്കേ പുലിമുട്ടിന്റെ സമീപത്തുള്ള സിഗ്നൽ ലൈറ്റ് കത്തുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലാണ് പൈപ്പ് സഹിതം സിഗ്നൽ ലൈറ്റ് തകർന്ന് വീണത്. തകർന്ന് വീണ സിഗ്നൽ ലൈറ്റുകൾ നന്നാക്കുന്നതിനുള്ള നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന പരാതിയുണ്ട്.
1). മത്സ്യബന്ധനം കഴിഞ്ഞ് മത്സ്യബന്ധന തുറമുഖത്തേക്ക് വരുന്ന ബോട്ടുകൾക്ക് ദിശ കാണിക്കുന്നത് സിഗ്നൽ ലൈറ്റാണ്.
2).വളരെ ദൂരെ വെച്ച് തന്നെ പുലിമുട്ടുകളും ഇതിന്റെ മദ്ധ്യ ഭാഗത്തുകൂടിയുള്ള പൊഴിമുഖവും കാണാൻ സിഗ്നൽ ലൈറ്റുകൾ സഹായിക്കും.
3).ബോട്ടുകൾക്ക് അപകട രഹിതമായി മത്സ്യബന്ധന തുറമുഖത്ത് എത്താൻ കഴിയുന്നത് സിഗ്നൽ ലൈറ്റുകൾ ഉള്ളതിനാലാണ്.
കര കണ്ടെത്താൻ പ്രയാസം
ട്രോളിംഗ് നിരോധനത്തിന് ശേഷം നൂറ് കണക്കിന് വള്ളങ്ങലും ബോട്ടുകളുമാണ് കടലിൽ പോകുന്നത്. സിഗ്നൽ ലൈറ്റ് പ്രവർത്തന രഹിതമായതിനാൽ രാത്രി കാലങ്ങളിൽ മത്സ്യബന്ധനം കഴിഞ്ഞ് വരുന്ന മത്സ്യബന്ധന യാനങ്ങൾക്ക് കര കണ്ടെത്താൻ പ്രയാസമാണ്. കനത്ത ഇരുട്ടിൽ പലപ്പോഴും ബോട്ട് പുലിമുട്ടുകളിൽ ഇടിച്ച് നാശം സംഭവിക്കാറുണ്ട്. കാലാവസ്ഥ മോശവും മൂടൽ മഞ്ഞും ഉണ്ടാകുന്ന സമയങ്ങളിൽ അപകട സാദ്ധ്യത വളരെ കൂടുതലാണ്.
ട്രോളിംഗ് നിരോധനം പിൻവലിച്ച സാഹചര്യത്തിൽ എത്രയും വേഗം സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിച്ച് പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ ഉണ്ടാകണം.
മത്സ്യത്തൊഴിലാളികൾ