അഞ്ചൽ: എൽ.ഡി.എഫ് നേതാവും കേരള കോൺഗ്രസ് (എം) സംസ്ഥാന നേതാവുമായ ആയൂർ ബിജുവിനെ ഇടമുളയ്ക്കൽ സഹകരണബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. സഹകാരികളുടെ പ്രമാണം തിരിമറി നടത്തി പണം തട്ടിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന മുൻ ബാങ്ക് സെക്രട്ടറി കൈപ്പള്ളി മാധവൻകുട്ടിയുടെ പിന്തുണയുള്ള യു.ഡി.എഫ് വിമത പാനലിൽ നിന്നാണ് ബിജു മത്സരിച്ച് വിജയിച്ചത്. ഇവിടെ യു.ഡി.എഫ് വിമതർ എട്ട് സീറ്റും കോൺഗ്രസ് മൂന്ന് സീറ്റും നേടിയിരുന്നു. എൽ.ഡി.എഫിന് ഒരു സീറ്റും ലഭിച്ചില്ല. പ്രസിഡന്റ് ചുമതലയേറ്റ ദിവസം തന്നെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പണം നഷ്ടപ്പെട്ട സഹകാരികൾ ബാങ്കിൽ പ്രസിഡന്റിനെ തടഞ്ഞുവച്ചു. ഇത് സംഘർഷത്തിന് ഇടയാക്കി. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ബാങ്കിൽ നിന്ന് ക്രമക്കേടുവഴി തട്ടിയെടുത്ത പണം തിരികെ നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം പ്രസിഡന്റ് ലിജു ആലുവിള, മുൻ ബാങ്ക് പ്രസിഡന്റുമാരായ സാമുവേൽ തോമസ്, കെ.സി. ഏബ്രഹാം എന്നിവർ പറഞ്ഞു. പ്രമാണം തിരിമറിനടത്തി പണം അപഹരണം നടത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.