വിലയുള്ള പൂവാലനും കഴന്തനും കണവയും കിട്ടാനില്ല
കൊല്ലം: ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിലിറങ്ങിയ ബോട്ടുകളുടെ വല നിറഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും കയ്യിലേക്ക് പ്രതീക്ഷിച്ച പോലെ കാശെത്തിയില്ല. കൂടുതൽ വില ലഭിക്കുന്ന പൂവാലൻ ചെമ്മീനും കഴന്തനും കണവയും കിട്ടാനില്ലാത്തതാണ് വിഷയം. കരിക്കാടി ചെമ്മീനാണ് കൂടുതലായി കിട്ടിയത്.
സാധാരണ ഗതിയിൽ, ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിലേക്ക് പോകുമ്പോൾ കരിക്കാടി ചെമ്മീനൊപ്പം കഴന്തൻ ചെമ്മീനും പൂവാലനും കിട്ടുന്നതാണ്. എന്നാൽ കഴന്തൻ ചെറിയ അളവിൽ മാത്രമാണ് കിട്ടിയത്. പൂവാലൻ വലയിൽ കുരുങ്ങിയതേയില്ല.ബുധനാഴ്ച അർദ്ധരാത്രി കടലിലേക്ക് കുതിച്ച ബോട്ടുകൾ ഇന്നലെ രാവിലെ 9.30 മുതൽ എത്തിത്തുടങ്ങി. ഇന്നലെ വൈകിട്ട് മൂന്ന് വരെ തുടർച്ചയായി ലേലം നടന്നു. കരിക്കാടി കുമിഞ്ഞു കൂടിയതോടെ വിലയും ഇടിഞ്ഞു. ട്രോളിംഗ് നിരോധന ശേഷം കിട്ടുന്ന നാരൻ, ശീലാവ്, മാന്തൽ, കോര എന്നിവയും കാര്യമായി കിട്ടിയില്ല.
40,000 മുതൽ 50,000 രൂപ വരെയാണ് ബോട്ടുകളുടെ ഇന്നലത്തെ ശരാശരി വരുമാനം. ഇതിൽ 35,000 മുതൽ 50,000 വരെ ചെലവുണ്ടെന്ന് ബോട്ടുടമകൾ പറയുന്നു. 1500 നോട്ടിക്കൽ മൈൽ വരെ പോയ ബോട്ടുകളാണ് ഇന്നലെ മടങ്ങിയെത്തിയത്. പുറംകടലിലേക്ക് പോയ ബോട്ടുകൾ മടങ്ങിയെത്താൻ ദിവസങ്ങളെടുക്കും.
....................................
ഇനം, വില (കിലോ)
..............................
കരിക്കാടി: 25-50
കഴന്തൻ: 120-140
കിളിമീൻ: 50-70
ഇന്നലെ പണി മോശമായിരുന്നു. ഓരോ ദിവസവും കടലിന്റെ സ്വഭാവം മാറിമറിയും. എല്ലാദിവസവും പ്രതീക്ഷയോടെയാണ് ഞങ്ങൾ പോകുന്നത്
പീറ്റർ മത്യാസ് (ബോട്ടുടമ)