കൊല്ലം: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം ആരംഭിച്ചു. നാലു വരെ ജില്ലയിൽ പാർട്ടിയുടെ നേതൃത്വത്തിൽ 3000 സ്ക്വാഡുകൾ രംഗത്തിറങ്ങുമെന്ന് ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ അറിയിച്ചു. 5ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. ധനസമാഹരണത്തിന് ജില്ലയിലെ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകും.

ജില്ലയിൽ നിന്ന് സി.പി.ഐ നേതൃത്വത്തിൽ സമാഹരിച്ച അവശ്യസാധനങ്ങൾ വയനാട്ടിൽ കഴിഞ്ഞദിവസം എത്തിച്ചു. നികത്താനാകാത്ത നാശനഷ്ടങ്ങളാണ് ദുരന്തത്തിൽ ഉണ്ടായിട്ടുള്ളതെന്നും, ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ മുഴുവൻ പാർട്ടി പ്രവർത്തകരും രംഗത്തിറങ്ങാനും ജില്ലാ സെക്രട്ടറി അഭ്യർത്ഥിച്ചു.