അടുത്തവർഷം മാർച്ചി​ൽ നി​ർമ്മാണത്തുടക്കം

കൊല്ലം: ആഴക്കടൽ മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, ആൽഗകൾ എന്നിവയുടെ പ്രദർശന കേന്ദ്രത്തിനൊപ്പം ആഴക്കടലിലെ ആവാസ്ഥ വ്യവസ്ഥ സംബന്ധിച്ച ഗവേഷണ കേന്ദ്രം കൂടിയാവുന്ന, സംസ്ഥാനത്തെ ആദ്യ മറൈൻ ഓഷ്യാനേറിയത്തിന്റെ നിർമ്മാണം കൊല്ലത്ത് അടുത്ത മാർച്ചിൽ ആരംഭിക്കാൻ നിർവഹണ ഏജൻസിയായ തീരദേശ വികസന കോർപ്പറേഷൻ തീരുമാനം. പദ്ധതിയുടെ വിശദ രൂപരേഖ തയ്യാറാക്കേണ്ട കൺസൾട്ടൻസിയെ തിരഞ്ഞെടുക്കാനുള്ള ടെണ്ടറിന്റെ ടെക്നിക്കൽ ബിഡിൽ മൂന്ന് കമ്പനികൾ യോഗ്യത നേടി. ഇവരുടെ ഫിനാൻഷ്യൽ ബിഡ് അടുത്തയാഴ്ച പരിശോധിച്ച് കരാർ ഉറപ്പിക്കും.

ഓഷ്യാനേറി​യം സ്ഥാപി​ക്കാൻ 15 ഏക്കർ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഏകദേശം 300 കോടിയാണ് ചെലവ് കണക്കാക്കുന്നത്. സർക്കാർ 10 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. സമുദ്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച പഠനം ഇവിടം കേന്ദ്രീകരിച്ച് നടക്കും. കാലാവസ്ഥ വ്യതിയാനം, മലീനീകരണം, അമിത മത്സ്യബന്ധനം എന്നിവ കാരണം സമുദ്രത്തിലെ ആവാസ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളും വിവിധ ഏജൻസികളുമായി ചേർന്ന് നിരന്തരം രൂപപ്പെടുത്തും. കേന്ദ്രത്തിന്റെ നടത്തിപ്പിനുള്ള ചെലവ് കണ്ടെത്താനായി വിനോദ സംവിധാനങ്ങളും സജ്ജമാക്കും.

സെപ്തംബറിൽ രൂപരേഖ അന്തിമമാക്കി ടെണ്ടർ ചെയ്യും. ജനുവരിയിൽ നടപടികൾ പൂർത്തിയാക്കി കരാർ ഏജൻസിയെ നിശ്ചയിക്കും. രൂപരേഖയുടെ അടിസ്ഥാനത്തിൽ, പദ്ധതി​ ആരംഭി​ക്കാനുള്ള സ്ഥലം നിശ്ചയിക്കും.

സിയാൽ മോഡൽ

സിയാൽ മോഡലിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാകും മറൈൻ ഓഷ്യാനേറിയം സ്ഥാപിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ കമ്പനിക്കോ ഒന്നി​ലധികം കമ്പനികൾ അടങ്ങിയ കൺസോർഷ്യത്തിനോ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി സൗജന്യമായി വിട്ടുനൽകി കരാർ കമ്പനി സ്വന്തം ചെലവിൽ നിർമ്മാണം പൂർത്തിയാക്കും.

മറൈൻ ഓഷ്യാനേറിയത്തിൽ

 250 മീറ്റർ നീളമുള്ള ട്യൂബ് അക്വേറിയം

 വിശാലമായ കൺവെഷൻ സെന്റർ

 മറൈൻ ഫുഡ് പാർക്ക്

 മറൈൻ ഫുഡ് കോർട്ട്

 കുട്ടികളുടെ പാർക്ക്

 സമുദ്ര ഗവേഷണ കേന്ദ്രം

 ആഴക്കടൽ ജീവികളുടെ പ്രദർശനം

പദ്ധതിക്ക് ലക്ഷ്യമിടുന്ന സ്ഥലങ്ങൾ

 തിരുമുല്ലാവാരം

 നീണ്ടകര

 നഗരത്തിലെ തുരുത്തുകളിലൊന്ന്

പദ്ധതിയുടെ രൂപരേഖ തയ്യാറാക്കേണ്ട ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്

തീരദേശ വികസന കോർപ്പറേഷൻ അധികൃതർ