കൊട്ടാരക്കര: ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് റവന്യു വകുപ്പ്, ഭക്ഷ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, അളവു തൂക്ക വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണം സ്പെഷ്യൽസ്കോഡ് രൂപീകരിച്ചു. ഈ സ്കോഡിന്റെ നേതൃത്വത്തിൽ ഓടനാവട്ടം പുത്തൂർ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ 8 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 3 സ്ഥാപനങ്ങൾക്കെതിരെ വില വിവരം പ്രദർശിപ്പാക്കാത്തതിന് നോട്ടീസ് നൽകുകയും വൃത്തി ഹീനമായി കാണപ്പെട്ട ഒരു ഹോട്ടലിന് പിഴയും മറ്റോരു ഹോട്ടലിന് റെക്റ്റിഫിക്കേഷൻ നോട്ടീസും നൽകി. കൂടാതെ പെർമിറ്റില്ലാതെ പ്രവർത്തിച്ച ഒരു സ്ഥാപനത്തിന് ക്ലോഷർ നോട്ടീസും നൽകിയിട്ടുണ്ട്. സ്കോഡിൽ ഡെപ്യുട്ടി തഹസീൽദാർ അജേഷ്, താലൂക്ക് സപ്ളൈ ഓഫീസർ സീന, ഫുഡ് സേഫ്റ്റി ഓഫീസർ നിഷ റാണി, ലീഗൽ മെട്രോളജി ഓഫീസർ ഉണ്ണികൃഷ്ണൻ നായർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, രാജീവ് കുമാർ എന്നിവർ പങ്കെടുത്തു. ഓണംവരെ പരിശോധന തുടരുമെന്ന് തഹസീൽദാർ അറിയിച്ചു.