കൊല്ലം: കർക്കടക വാവുബലിയോടനുബന്ധിച്ച് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകിട്ട് മുതൽ ബലിതർപ്പണ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഗതാഗതം ക്രമീകരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

തിരുമുല്ലവാരം ക്ഷേത്രത്തിലേക്കുള്ള സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ കളക്ടറേറ്റ്- കാങ്കത്തുമുക്ക്- വെള്ളയിട്ടമ്പലം വഴി സർവീസ് നടത്തണം. ചിന്നക്കടയിൽ നിന്നു വരുന്ന വാഹനങ്ങൾ കാങ്കത്ത് മുക്കിൽ സൺ ബേ ഓഡിറ്റോറിയം മുതൽ നെല്ലിമുക്ക് ഭാഗത്തെത്തി യാത്രക്കാരെ ഇറക്കണം. ഈ റോഡിൽ പാർക്കിംഗ് അനുവദിക്കില്ല. തെക്കേ കച്ചേരി- മുണ്ടാലുംമൂട്- വെള്ളയിട്ടമ്പലം റൂട്ടിൽ ഗതാഗതം നിയന്ത്രിക്കും. ടൂ വീലർ, ഓട്ടോറിക്ഷ, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവ തെക്കേ കച്ചേരി, വെള്ളയിട്ടമ്പലം ജംഗ്ഷനുകളിൽ യാത്രക്കാരെ ഇറക്കിയ ശേഷം സെന്റ് അലോഷ്യസ്, ഇൻഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം, കൊല്ലം ബോയ്‌സ്, കൊല്ലം ഗേൾസ്, ടൗൺ യു.പി.എസ്, മുളങ്കാടകം എന്നീ സ്‌കൂൾ ഗ്രൗണ്ടുകളിലോ മുളങ്കാടകം ക്ഷേത്രം ഗ്രൗണ്ട്, തങ്കശ്ശേരി ബസ് ബേ എന്നിവിടങ്ങളിലോ പാർക്ക് ചെയ്യണം.

ടൂവീലറുകൾക്ക് മുണ്ടാലുംമൂട്- തിരുമുല്ലാവാരം ഭാഗത്തേക്കും നിയന്ത്രണങ്ങൾ പാലിക്കേണ്ട മറ്റ് റോഡുകളിലേക്കും പ്രവേശനം അനുവദിക്കില്ല. തിരുവനന്തപുരത്തു നിന്നു ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളും മേവറത്ത് നിന്നു തിരിഞ്ഞ് ബൈപാസ് വഴി പോകണം. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കാവനാട് ബൈപാസ് വഴി പോകണം. ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങളും അന്നദാനം നടത്തുന്ന സന്നദ്ധ സംഘടനകളും പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു..