കൊല്ലം. വയനാട്ടിൽ ഉണ്ടായിരിക്കുന്ന പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് ഭേദഗതികൾ കൂടാതെ നടപ്പിലാക്കാൻ സ‌ർക്കാർ തയ്യാറാവണമെന്ന് എൻ.സി.പി.എസ് കൊല്ലം ജില്ല സമിതി യോഗം ആവശ്യപ്പെട്ടു. വയനാട്ടിൽ ഉണ്ടായ വൻ മനുഷ്യനാശത്തിന്റെയും മനുഷ്യ വിഭവങ്ങളുടെയും നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ജനങ്ങളെ പുനരധിവസിപ്പിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ഡാം ഇപ്പോൾ ജനങ്ങളുടെ മുന്നിൽ ഏറെ ഭീഷണിയായി നിലനിൽക്കുകയാണ്. കേരളത്തിലെ അഞ്ച് ജില്ലകളെ പൂർണമായും ഇല്ലാതാക്കാൻ കാരണമായേക്കാവുന്ന വൻ ദുരന്തം ആയിരിക്കും മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഉണ്ടാവുക. യാഥാർത്ഥ്യം മനസിലാക്കി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ ആവശ്യമായ നടപടികളും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്നും എൻ.സി.പി കൊല്ലം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. എൻ.സി.പി.എസ് കൊല്ലം ജില്ലാ പ്രസിഡന്റ് ജി .പത്മകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന നിർവാഹ സമിതി അംഗം എസ്.പ്രദീപ് കുമാർ, ബി. ബൈജു, വി.എസ്.ഉണ്ണിത്താൻ, ഇരുമ്പനങ്ങാട് ബാബു,അഡ്വ.സുരേഷ് റക്സ്, അഡ്വ.ജി.പി.അനിൽ കുമാർ, ചെന്നലിൽ ഗോപകുമാർ, എം.എ.റഹ്മാൻ,അനിൽ ചാത്തന്നൂർ എന്നിവർ സംസാരിച്ചു.