കൊല്ലം: അഷ്ടമുടി ശ്രീ വീരഭ്രസ്വാമി ക്ഷേത്രത്തിലെ കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾ ത്രിവേണി സംഗമത്തിൽ നാളെ പുലർച്ചെ 4ന് ആരംഭിക്കുമെന്ന് തൃക്കരുവ കുറ്റിയഴികം ദേവസ്വം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 4ന് രാവിലെ 10 ന് സമാപിക്കും.

അറബിക്കടലും കല്ലടയാറും അഷ്ടമുടിക്കായലും ഒരുമിക്കുന്ന ത്രിവേണി സംഗമത്തിലാണ് വാവുബലി ചടങ്ങുകൾ നടക്കുന്നത്. വാസ്തുശാസ്ത്ര വിദഗ്ദ്ധനും ജ്യോതിഷപണ്ഡിതനും തന്ത്രിയുമായ വൻമള പി.വി. വിശ്വനാഥൻ ശാന്തി മുഖ്യകാർമികത്വം വഹിക്കും. അദ്ദേഹത്തോടൊപ്പം 25 കർമ്മികളും പങ്കെടുക്കും. രണ്ട് ബലിപ്പുരകളിലായി 500ഓളം പേർക്ക് ഒരേ സമയം ബലിയിടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പിതൃക്കൾക്ക് തിലഹോമം ഉൾപ്പെടെയുള്ള പൂജകൾ ക്ഷേത്രം മേൽശാന്തി കെ. സുകുമാരൻ, നിത്യശാന്തി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ദേവസ്വം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ 5 മുതൽ ചിന്നക്കട, അഞ്ചാലുംമൂട്, കുണ്ടറ എന്നിവിടങ്ങളിൽ നിന്നു വീരഭദ്ര ക്ഷേത്രത്തിലേക്ക് സ്പെഷ്യൽ കെ.എസ്.ആർ.ടി.സി. ബസുകളുടെയും സ്വകാര്യ ബസുകളുടെയും സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ദേവസ്വം വർക്കിംഗ് പ്രസിഡന്റുമാരായ മങ്ങാട് സുബിൺ നാരായൺ, ജി. ഗിരീഷ്‌കുമാർ, സെക്രട്ടറിമാരായ ഡോ. കെ.വി. ഷാജി, ഡി.എസ്. സജീവ്, ജോ. സെക്രട്ടറി. പി.എൻ. ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു.