പുനലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ മൊബൈൽ ഷോപ്പ് ഉടമ പൊലീസ് പിടിയിലായി. പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മൊബൈൽ ഷോപ്പ് നടത്തുന്ന പുനലൂർ ശിവൻകോവിലിന് സമീപം ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് റാഫി ആണ് പുനലൂർ പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ കടയിൽ മൊബൈൽ നന്നാക്കാൻ വന്ന 17 വയസുള്ള പെൺകുട്ടിയെ സ്നേഹം നടിച്ച് ജൂലായ് ആദ്യം പ്രതിയുടെ കാറിൽ കൂട്ടിക്കൊണ്ടുപോയി കൊട്ടാരക്കരയിലുള്ള ലോഡ്ജിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പഠിക്കാൻ മിടുക്കി ആയ വിദ്യാർത്ഥിനിക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അദ്ധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പെൺകുട്ടി പറഞ്ഞത്. തുടർന്ന് പുനലൂർ പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പുനലൂർ ഡിവൈ.എസ്.പി ബിജു വി.നായർ, പുനലൂർ സി.ഐ രാജേഷ് കുമാർ, എസ്.ഐ ഷാജഹാൻ, സി.പി.ഒമാരായ പ്രവീൺ, ഹരികൃഷ്ണൻ, മഹേഷ് കുമാർ, വനിത പൊലീസ് ഉദ്യോഗസ്ഥരായ പ്രീത പാപ്പച്ചൻ, .വിശ്വപ്രഭ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.