നടപടി കേരളകൗമുദി വാർത്തയെത്തുടർന്ന്
കൊല്ലം: ക്യു.എ.സി റോഡിൽ നിന്ന് കർബല- റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള നടപ്പാതയിൽ, ഒരുമാസമായി തുറന്നുകിടന്ന ഓടയ്ക്ക് സ്ളാബിട്ടു. ഇന്നലെയാണ് റെയിൽവേ ക്വാർട്ടേഴ്സിന് സമീപത്തെ വളവിലുള്ള ഓടമൂടിയത്. ഇവിടെ കാൽനടയാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മഴക്കാലത്ത് ഇവിടെ വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതുപരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂണിലെ രണ്ടാമത്തെ ആഴ്ചയിലാണ് ഓടയിലെ ചെളികോരി അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. എന്നാൽ തുറന്നിട്ട ഓട മൂടാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇടവിട്ട് പെയ്ത മഴ മൂലം പണി പുന:രാരംഭിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
വൃത്തിയാകാതെ നടപ്പാത
നടപ്പാതയിൽ പലഭാഗത്തും പുല്ല് മൂടിയ നിലയിലാണ്. അരികുകളിലായി ചപ്പുചവറുകളും കൂടിക്കിടക്കുന്നു. പകൽ സമയത്തുപോലും ഭീതിയോടെയാണ് ആളുകൾ ഇതുവഴി പോകുന്നത്. വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ റോഡിലേക്ക് ഇറങ്ങി നടക്കാനും കഴിയാത്ത അവസ്ഥയാണ്. സ്വകാര്യ ബസടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പേരിനുപോലും നടപ്പാത വൃത്തിയാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ഉയരുന്ന പരാതി