പ്രവർത്തനം വീണ്ടും തുടങ്ങിയ വിവരം അറിയിച്ചില്ലെന്ന് ഫാർമസി
കൊല്ലം: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ചികിത്സ വിക്ടോറിയ ആശുപത്രിയിലെ ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്ററിൽ (ഡി.ഇ.ഐ.സി) പുനരാരംഭിച്ചെങ്കിലും ഇവിടത്തെ കാരുണ്യ ഫാർമസിയിൽ നിന്ന് ഇവർക്ക് സൗജന്യ മരുന്ന് ലഭിക്കുന്നില്ല. അധികൃതർ രേഖാമൂലം നിർദ്ദേശം നൽകിയെങ്കിൽ മാത്രമേ മരുന്ന് നൽകാനാകൂ എന്നാണ് കാരുണ്യ ഫാർമസി ജീവനക്കാരുടെ വിശദീകരണം.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (ആർ.ബി.എസ്.കെ) പദ്ധതിയുടെ ഭാഗമായാണ് വിക്ടോറിയയിലെ ഡി.ഇ.ഐ.സിയുടെ പ്രവർത്തനവും കാരുണ്യയിൽ നിന്നുള്ള സൗജന്യ മരുന്ന് വിതരണവും. ഡി.ഇ.ഐ.സിയിൽ നിന്നുള്ള കുറിപ്പടി പ്രകാരം സൗജന്യമായി നൽകുന്ന മരുന്നുകൾക്കുള്ള പണം ആർ.ബി.എസ്.കെ പദ്ധതിയിൽ നിന്നു കാരുണ്യയ്ക്ക് കൈമാറും. വിക്ടോറിയയ്ക്കും ജില്ലാ ആശുപത്രിക്കും ഇടയിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയെ മാത്രമേ ഡി.ഇ.ഐ.സിയിലെ കുറിപ്പടികൾക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന് എംപാനൽ ചെയ്തിട്ടുള്ളു. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള പല മരുന്നിനും ഉയർന്ന വിലയാണ്. കാരുണ്യയിൽ നിന്നു മരുന്ന് കിട്ടാത്തതിനാൽ ആർ.ബി.എസ്.കെ പദ്ധതി കൊണ്ട് നിലവിൽ ഗുണമില്ലാത്ത അവസ്ഥയാണ്.
ഡി.ഇ.ഐ.സിയിൽ ആർ.ബി.എസ്.കെ പദ്ധതി പ്രകാരമുള്ള ചികിത്സ നിലച്ചപ്പോൾ കാരുണ്യയിൽ സ്റ്റോക്കുണ്ടായിരുന്ന, ഇതുമായി ബന്ധപ്പെട്ട മരുന്നുകളെല്ലാം കെ.എം.എസ്.സി.എല്ലിന് തിരിച്ചുനൽകിയിരുന്നു. രേഖാമൂലമുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പുതുതായി കെ.എം.എസ്.സി.എല്ലിന് ഓർഡർ നൽകിയാലെ വീണ്ടും മരുന്ന് ലഭിക്കുകയുള്ളു.
പ്രവർത്തനം നിറുത്തിയത് രണ്ട് വർഷം മുൻപ്
കാരണമായി പറഞ്ഞത് മരുന്ന് ദുരുപയോഗം
പ്രതിഷേധം ശക്തമായതോടെ പുനരാരംഭിച്ചു
വിക്ടോറിയയിലെ പീഡിയാട്രീഷ്യന് ചുമതല
ഒരുമാസം മുൻപ് പീഡിയാട്രഷ്യൻ വിരമിച്ചതോടെ വീണ്ടും സ്തംഭിച്ചു
കേരളകൗമുദി വാർത്തയെ തുടർന്ന് ഡി.എം.ഒ യോഗം വിളിച്ചു
ഈമാസം ഒന്നിന് പ്രവർത്തനം പുനരാരംഭിച്ചു
ഡി.ഇ.ഐ.സി
പീഡിയാട്രിഷ്യൻ അടക്കം രണ്ട് ഡോക്ടർമാർ
തിങ്കൾ മുതൽ വെള്ളി വരെ ഒ.പി
രാവിലെ 9 മുതൽ12 വരെ
രണ്ട് മാസത്തിലൊരിക്കൽ കുട്ടിയെ നേരിട്ട് കൊണ്ടുവരണം
പരിശോധന വിഭാഗങ്ങൾ
ഓട്ടിസം
സെറിബ്രൽപാൾസി
സ്വീസർ ഡിസോർഡർ
എ.ഡി.എച്ച്.ഡി
ഡി.ഐ.സിയിൽ ആർ.ബി.എസ്.കെ പദ്ധതി പ്രകാരമുള്ള ചികിത്സ നിറുത്തിയതായി നേരത്തെ വിക്ടോറിയ ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നു. പ്രവർത്തനം പുനരാരംഭിച്ചതായുള്ള അറിയിപ്പ് ലഭിച്ചാൽ ഓർഡൽ നൽകി മരുന്ന് സ്റ്റോക്ക് ചെയ്യാനാകും
കാരുണ്യ ഫാർമസി അധികൃതർ (വിക്ടോറിയ ആശുപത്രി)