കൊട്ടാരക്കര: പിതൃ സ്മരണയിൽ ഇന്ന് കർക്കിടക വാവുബലി. ക്ഷേത്രങ്ങളിലും വീടുകളിലുമടക്കം പിതൃപൂജാ ചടങ്ങുകൾ നടക്കും. കൊട്ടാരക്കര മേഖലയിലെ ഒട്ടുമിക്ക ക്ഷേത്ര കടവുകൾ, ക്ഷേത്രക്കുളങ്ങൾ, നദീ തീരങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളെല്ലാം സ്നാന ഘട്ടങ്ങളായി മാറുകയാണ്. ക്ഷേത്രങ്ങളിൽ പിതൃപൂജ, തിലഹവനം, സായൂജ്യപൂജ, വിഷ്ണുപൂജ എന്നിവയും അനുബന്ധമായി നടത്തുന്നുണ്ട്. പുത്തൂർ താഴം ആദിശമംഗലം ക്ഷേത്രത്തിലും കല്ലടയാറിന്റെ തീരത്തുമായി പതിനായിരങ്ങളെ പ്രതീക്ഷിച്ച് വലിയ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 4ന് ഇവിടെ ചടങ്ങുകൾ തുടങ്ങും. ശ്രീശൈലം നാരായണൻ നമ്പൂതിരി ബലി കർമ്മങ്ങൾക്കും വാസുദേവര് സോമയാജിപ്പാട് തിലഹവനത്തിനും മുഖ്യ കാർമ്മികത്വം വഹിക്കും.