തൊടിയൂർ: നിർമ്മാണം പൂർത്തിയായ മാളിയേക്കൽ മേൽപ്പാലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഭാരപരിശോധന അവസാനിച്ചു. പാലം സുസജ്ജമാണെന്ന് കണ്ടെത്തി. പാലത്തിലൂടെ ഒരു സമയം കടന്നു പോകാനിടയുള്ള ഭാരത്തിന്റെ രണ്ട് മടങ്ങ് ഭാരം നിറച്ച വാഹനങ്ങൾ മേൽപ്പാലത്തിൽ 96 മണിക്കൂർ സമയം നിറുത്തിയിട്ടായിരുന്നു ഭാരപരിശോധന നടത്തിയത്. 140 മെട്രിക് ടൺ ഭാരം നിറച്ച തായിരുന്നു ഈ വാഹനങ്ങൾ .ഭാരം കയറുമ്പോൾ പാലത്തിന്റെ തൂണുകൾ, ഗർഡറുകൾ എന്നിവയിൽ ഉണ്ടാകാവുന്ന നേരിയ ചലനങ്ങൾ പോലും സസൂക്ഷ്മം നിരീക്ഷിച്ചാണ് ഈ ടെസ്റ്റ് നടത്തിയതെന്ന് ഭാരപരിശോധന നടത്തിയ മാറ്റർ ലാബ് കോഴിക്കോട് അധികൃതർ അറിയിച്ചു. പാലത്തിന്റെ നിർമ്മാണ ചുമതല നിർവഹിച്ച കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ അധികൃതരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടന്നത്. നാലു ദിവസം നീണ്ടു നിന്ന ഭാരപരിശോധന ഇന്നലെ പുലർച്ചെ 12.30നാണ് അവസാനിച്ചത്.
ഭാര പരിശോധന........
96 മണിക്കൂർ
140 മെട്രിക് ടൺ ഭാരം
നിറച്ച വാഹനങ്ങൾ
പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്.
546 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.
പാലത്തിന്റെ ഒരുവശത്ത് നടപ്പാതയും താഴെ ഇരുവശത്തും സർവീസ് റോഡുകളുമുണ്ട്.
ഭൂമി ഏറ്റെടുക്കുന്നതിന് 11.8 കോടി രൂപയും മേൽപ്പാലം നിർമ്മാണത്തിന് 26.58 കോടി രൂപയുമാണ് ചെലവഴിച്ചത്
ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകും
മാളിയേക്കലിൽ മേൽപ്പാലത്തിനായി ആവശ്യമുയർന്നിട്ട് വർഷങ്ങളായിരുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിലെ
ഗതാഗതക്ലേശങ്ങൾക്ക് പരിഹാരമാകും. മേൽപ്പാലം നിർമ്മാണത്തിനായി മാളിയേക്കൽ ലെവൽക്രോസ് അടച്ചതോടെ ഇതുവഴി പോകേണ്ട വാഹനങ്ങൾ ഇടക്കുളങ്ങര, മിടുക്കൻമുക്ക് ലെവൽക്രോസുകൾ വഴിയാണ് പോകുന്നത്. ഇതോടെ ഈ ലെവൽക്രോസുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
പാലം തുറക്കുന്നതോടെ ഈ ലെവൽക്രോസുകളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.