എഴുകോൺ : പൊതു തിരഞ്ഞെടുപ്പിന്റെ ചിട്ടവട്ടങ്ങൾ പാലിച്ച് അമ്പലത്തുംകാല എം.ടി എൽ.പി.എസിൽ നടന്ന സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. വിദ്യാർത്ഥികൾ തന്നെ പോളിംഗ് ഓഫീസർമാരായി നടന്ന വോട്ടെടുപ്പിൽ പ്രത്യേകം തയ്യാറാക്കിയ വോട്ടർ പട്ടികയും വോട്ട് രേഖപ്പെടുത്താൻ ബാലറ്റ് പേപ്പറും ഉണ്ടായിരുന്നു. പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ ക്രമീകരിച്ച പോളിംഗ് സ്റ്റേഷനിൽ ക്യു നിന്ന് വോട്ടു ചെയ്യാനെത്തിയ കുട്ടികളുടെ വിരലിൽ മഷി അടയാളം പതിച്ച ശേഷമാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്.
നാലാം ക്ലാസുകാരനായ
സിദ്ധാർത്ഥ് മനോജിന് വിജയം
ലീഡർ സ്ഥാനത്തേക്ക് ഒന്നിലേറെ പേർ
മൂന്നാം ക്ലാസുകാരായ അർനോൾഡ് ബിനു, അനാമിക, സരൻ, നാലാം ക്ലാസിലെ ദേവനന്ദ എന്നിവരായിരുന്നു പോളിംഗ് ഓഫീസർമാർ. നാലാം ക്ലാസുകാരനായ സിദ്ധാർത്ഥ് മനോജ്, ഗൗരികൃഷ്ണ,നിവേദ്.എൽ എന്നിവരാണ് സ്കൂൾ ലീഡറാകാൻ മത്സരിച്ചത്. 26 വോട്ട് നേടി സിദ്ധാർത്ഥ് മനോജ് വിജയിച്ചു. പ്രഥമാദ്ധ്യാപിക ടെസി കെ.പണിക്കർ, സീനിയർ ടീച്ചർ സിജി അന്ന ഫിലിപ്പ്, ടീച്ചർമാരായ എം.എസ്.അശ്വതി, സോജി മാത്യു, സുനു ഷിജു, ദേവിക എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. ലീഡർ സ്ഥാനത്തേക്ക് ഒന്നിലേറെ പേർ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പെന്ന ആശയം അദ്ധ്യാപകരിൽ ഉണ്ടായത്. ജനാധിപത്യ പ്രക്രിയയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.