കൊല്ലം: കൊട്ടാരക്കര സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള ആറംഗ പൊലീസ് സംഘം സ്വകാര്യ വാഹനത്തിലെത്തി ഗൃഹനാഥനെയും മകളെയും ക്രൂരമായി മർദ്ദിച്ചതായി പരാതി.
കൊട്ടാരക്കര സ്റ്റേഷനിലെ ക്രൈം എസ്.ഐ പി.കെ.പ്രദീപിനെതിരെ ചക്കുവരയ്ക്കൽ കൊച്ചുവടക്കതിൽ വീട്ടിൽ പ്രിൻസ് സോമരാജനാണ് റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
പരാതി ഇങ്ങനെ: കഴിഞ്ഞമാസം 31ന് രാത്രി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബ്രീസാ കാറിൽ വീട്ടിലെത്തി. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന തന്നെ അകാരണമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച മകളെയും ആക്രമിച്ചു. മർദ്ദനത്തിൽ തന്റെ കണ്ണിനും തലയ്ക്കും മകളുടെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പൊലീസുകാർ വന്ന കാറിൽ ബലം പ്രയോഗിച്ച് കയറ്റി ഉള്ളിൽ വച്ച് വീണ്ടും തലയ്ക്ക് മർദ്ദിച്ചു. ഛർദ്ദിച്ചതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനും തലയ്ക്കുമുള്ള പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വ്യാഴാഴ്ച രാവിലെ കൊട്ടാരക്കര സ്റ്റേഷനിലെത്തിച്ച് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
തന്റെ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം ഏറെ കേടുപാടുകൾ വരുത്തി. പൊലീസ് അതിക്രമത്തിനെതിരെ പ്രിൻസ് സോമരാജന്റെ മകൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകി. വരും ദിവസങ്ങളിൽ ബാലാവകാശ കമ്മിഷനും ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും പ്രിൻസ് സോമരാജൻ പറഞ്ഞു.
സംഭവ ദിവസം രാവിലെ കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെ നിറുത്താതെ പോയെന്നാണ് പ്രിൻസ് സോമരാജനെതിരായ കേസ്. എന്നാൽ പരിശോധന പൂർത്തിയായ ശേഷമാണ് താൻ പോയതെന്ന് നിരീക്ഷണ കാമറ പരിശോധിച്ചാൽ വ്യക്തമാകുമെന്നും പ്രിൻസ് സോമരാജൻ പറഞ്ഞു. ലഹരിവസ്തു കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പ്രിൻസ് സോമരാജന്റെ കാർ പരിശോധിച്ചതെന്നും ബോണറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ നിറുത്താതെ പോയെന്നും പിന്നീട് രാത്രി പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്നും കൊട്ടാരക്കര ക്രൈം എസ്.ഐ പി.കെ. പ്രദീപ് പറഞ്ഞു.