കൊല്ലം: പിതൃസ്മരണയിൽ പ്രാർത്ഥനയോടെ ബലിതർപ്പണത്തിനായി ജനലക്ഷങ്ങൾ ഇന്നലെ അർദ്ധരാത്രി മുതൽ ജില്ലയിലെ വിവിധ ബലതർപ്പണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. മുണ്ടയ്ക്കൽ പാപനാശനം തീരത്ത് മുണ്ടയ്ക്കൽ ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.
ഇന്ന് പുലർച്ചെ മൂന്ന് മുതൽ തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖരൻ തന്ത്രിയുടെയും മറ്റ് ക്ഷേത്രങ്ങളിലെ പ്രമുഖ തന്ത്രിമാരുടെയും നേതൃത്വത്തിലാണ് പിതൃതർപ്പണം. കടലിൽ കുളിച്ചശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കും കുളിക്കാൻ പ്രത്യേകം താത്കാലിക കുളങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. തർപ്പണത്തിന് എത്തുന്നവർക്ക് ഔഷധ കാപ്പി സൗജന്യമായി തുമ്പറ മഹാദേവീ ക്ഷേത്രം ട്രസ്റ്റ് നൽകും.
തിരുമുല്ലവാരം കടപ്പുറത്ത് ഒരേസമയം 3000 പേർക്ക് ബലിയിടാൻ പറ്റുന്ന രീതിയിൽ 8 ബലിപ്പുരകളാണ് ഒരുക്കിയത്. ഇന്നലെ മുതൽ ബലിതർപ്പണം തുടങ്ങി. 150 ജീവനക്കാർക്ക് പുറമെ 100 പേരെ താത്കാലികമായി നിയോഗിച്ചു. അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിൽ ഒരേ സമയം 500 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് സജ്ജീകരിച്ചിട്ടുള്ളത്. വിശ്വനാഥൻ ശാന്തിയാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. 25ൽ പരം കർമ്മികൾ പങ്കെടുക്കും. ദൂരെ സ്ഥലത്തുനിന്ന് എത്തുന്നവർക്ക് വേണ്ടി സ്‌പെഷ്യൽ കെ.എസ്.ആർ.ടി.സി സർവീസുകൾ സജ്ജീകരിച്ചു. വിവേകാനന്ദ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലുള്ള ആംബുലൻസ് സേവനവും കുടിവെള്ള വിതരണവും ഒരുക്കിയിട്ടുണ്ട്. രാവിലെ 4ന് ആരംഭിക്കുന്ന വാവുബലി നാളെ രാവിലെ 10ന് സമാപിക്കും.
കൊട്ടാരക്കര പട്ടാഴി കേരള മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര കടവിൽ രാവിലെ 5.30 മുതൽ ബലിതർപ്പണവും തിലഹവന പൂജയും നടക്കും. കരുനാഗപ്പള്ളി പുതിയകാവ് ശ്രീ നീലകണ്ഠ തീർത്ഥപാദാശ്രമത്തിൽ രാവിലെ 6ന് ബലിതർപ്പണം ആരംഭിക്കും. പരവൂർ പൊഴിക്കര പനമൂട്ടിൽ കുടുംബ മഹാദേവ ക്ഷേത്രത്തിൽ രാവിലെ 4 മുതൽ വൈകിട്ട് 7 വരെയാണ് ബലിതർപ്പണ ചടങ്ങുകൾ. ശൂരനാട് വടക്ക് ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രത്തിൽ രാവിലെ 4 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ബലിതർപ്പണം.