കൊല്ലം: ഈ വർഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് എം.പി ലിപിൻ രാജിന്റെ മാർഗരിറ്റ എന്ന നോവൽ അർഹമായി. 25052 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിയതാണ് പുരസ്‌കാരം. ഡോ. ജോർജ് ഓണക്കൂർ, എം.ജി.കെ.നായർ, ചവറ കെ.എസ്.പിള്ള എന്നിവരായിരുന്നു വിധികർത്താക്കൾ.
2024 ആഗസ്റ്റ് 5ന് വൈകിട്ട് 5.15ന് കൊല്ലം പബ്‌ളിക് ലൈബ്രറിയിലെ സരസ്വതി ഹാളിൽ നടക്കുന്ന നൂറനാട് ഹനീഫ പുരസ്‌കാര സമർപ്പണ ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ എൻ.എസ്.മാധവൻ പുരസ്‌കാരം സമർപ്പിക്കും. അനുസ്മരണ സമിതി ചെയർമാൻ ചവറ കെ.എസ്.പിള്ള അദ്ധ്യക്ഷനാകും. ചടങ്ങിൽ മുല്ലക്കര രത്‌നാകരൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. കൊല്ലം പബ്‌ളിക് ലൈബ്രററി ഹോണററി സെക്രട്ടറി പ്രതാപ് ആർ.നായർ ആശംസാ പ്രസംഗം നടത്തും. അനുസ്മരണ സമിതി സെക്രട്ടറി ജി.അനിൽകുമാർ സ്വാഗതവും കൺവീനർ ആർ.വിപിൻ ചന്ദ്രൻ നന്ദിയും പറയും.