കൊല്ലം: പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ നിയമം 2023 ജില്ലയിൽ കർശനമായി നടപ്പാക്കാൻ ജില്ലാ പൊതുജനാരോഗ്യ സമിതി. ഇതിന്റെ ഭാഗമായി പ്രാദേശിക പൊതുജനാരോഗ്യ സമിതികൾ രൂപീകരിക്കും. ആദ്യഘട്ടത്തിൽ നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി വ്യാപകമായി ബോധവത്കരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുജനാരോഗ്യ യോഗത്തിലായിരുന്നു തീരുമാനം. ജില്ലാ കളക്ടറാണ് സമിതി ഉപാദ്ധ്യക്ഷൻ. ഡി.എം.ഒ ഡോ. എം.എസ്.അനു നിയമത്തിലെ വ്യവസ്ഥകൾ വിശദീകരിച്ചു.