photo
കൊട്ടാരക്കര ചന്തമുക്കിലെ കാത്തിരിപ്പ് കേന്ദ്രം

കൊട്ടാരക്കര: ചന്തമുക്കിൽ ഒരു വെയിറ്റിംഗ് ഷെഡ് ആണുള്ളത്. അവിടെ യാത്രക്കാർക്ക് ഇടമില്ല. ചെരിപ്പും കുടയും നന്നാക്കലും ചെറുകിട കച്ചവടവും ആണ് വെയിറ്റിംഗ് ഷെഡിനുള്ളിൽ നടക്കുന്നത്. രാത്രിയായാൽ തട്ടുകടയും! പതിറ്റാണ്ടുകൾക്ക് മുൻപ് കൊട്ടാരക്കര റോട്ടറി ക്ളബ്ബാണ് ചന്തമുക്കിൽ ചന്തയുടെ പ്രവേശന കവാടത്തിന് മുന്നിലായി വെയിറ്റിംഗ് ഷെഡ് സ്ഥാപിച്ചത്. കാലാകാലങ്ങളിൽ ഇതിന് അറ്റകുറ്റപ്പണി നടത്താറുമില്ല. പുലമൺ, ബസ് സ്റ്റാൻഡ് ഭാഗങ്ങളിലേക്ക് പോകേണ്ടവർ ബസ് കാത്തിരിക്കേണ്ടത് ഇവിടെയാണ്. ഇടവിട്ട് മഴപെയ്യുന്നതിനാൽ വെയിറ്റിംഗ് ഷെഡ് ആണ് ഏക ആശ്രയം. എന്നാൽ ഇവിടം മറ്റുള്ളവർ കൈയ്യടക്കിവച്ചിരിക്കയാണ്.

നഗരസഭ അധികൃതർ കാണുന്നുണ്ടോ?

ചന്തമുക്കിൽ മറ്റൊരിടത്തും വെയിറ്റിംഗ് ഷെഡില്ല. മഴയത്തും വെയിലത്തും റോഡരികിൽ നിൽക്കേണ്ട സ്ഥിതിയാണ്. താലൂക്ക് ആശുപത്രിയും ചന്തയുമടക്കമുള്ള ഏറ്റവും തിരക്കേറിയ ഭാഗമായിട്ടും ഉള്ള വെയിറ്റിംഗ് ഷെഡ് ഉപയോഗിക്കാനാകാത്ത നിരാശയിലാണ് നാട്ടുകാർ. നഗരസഭ അധികൃതർ വേണ്ട ശ്രദ്ധ നൽകുന്നുമില്ല.

ചന്ത ഹൈടെക് ആയാൽ പരിഹാരം

ചന്തയുടെ ഹൈടെക് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയാകുമ്പോൾ വെയിറ്റിംഗ് ഷെഡിന് മോക്ഷമുണ്ടാകുമെന്നാണ് പ്രതീക്ഷ.