കൊട്ടാരക്കര: രണ്ടുതിരിയിട്ട നിലവിളക്കിന് പിന്നിൽ മൂന്നുപിടി പച്ചരിയും എള്ളും ചേർത്തുകുഴച്ച് ഉരുളയുരുട്ടി നാക്കിലയിൽ വച്ചു, പിതൃക്കളെ ദേവതുല്യരാക്കി ആത്മസമർപ്പണത്തിന്റെ വാവുബലി അർപ്പിച്ച് പതിനായിരങ്ങൾ സായൂജ്യമടഞ്ഞു. ഇന്നലെ പുലർച്ചെ മുതൽ പിതൃമോക്ഷ പുണ്യം തേടിയെത്തിയവരുടെ വലിയ തിരക്കാണ് സ്നാനഘട്ടങ്ങളിൽ. കല്ലടയാറിന്റെ തീരത്തായുള്ള പുത്തൂർ പാങ്ങോട് താഴം തിരു ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ വാവുബലി തർപ്പണത്തിനായി പതിനായിരക്കണക്കിന് ആളുകളെത്തി. ശ്രീശൈലം നാരായണൻ നമ്പൂതിരി ബലി കർമ്മങ്ങൾക്കും വാസുദേവര് സോമയാജിപ്പാട് തിലഹവനത്തിനും മുഖ്യ കാർമ്മികത്വം വഹിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രത്തിൽ പുലർച്ചെ 5ന് ചടങ്ങുകൾ തുടങ്ങി. ഉച്ചയ്ക്ക് 2ന് പരിസമാപിക്കുന്ന തരത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ സജ്ജമാക്കിയതെങ്കിലും ഉച്ചക്ക് ശേഷവും ആളുകളെത്തി. രാജേഷ് പോറ്റി മുഖ്യ കാർമ്മികത്വം വഹിച്ചു. കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലും ആയിരങ്ങൾ വാവുബലി അർപ്പിക്കാനെത്തി. തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തിൽ, മേൽശാന്തി തുളസീദാസ് പോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു. സായൂജ്യപൂജ, തിലഹവനം, പിതൃപൂജ, പാൽപ്പായസ വഴിപാട് എന്നിവയുണ്ടായിരുന്നു. കോട്ടാത്തല ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രം,​ വാക്കനാട് മഹാവിഷ്ണു ക്ഷേത്രം,​ നെട്ടയം ഇണ്ടിളയപ്പൻ സ്വാമീ ക്ഷേത്രം,​ മലപ്പേരൂർ ആയിരവില്ലി ക്ഷേത്രം,​ മേലില ക്ഷേത്രം എന്നിവിടങ്ങളിലും പിതൃമോക്ഷ പ്രീതിക്കായി ബലിതർപ്പണ ചടങ്ങുകൾ നടന്നു. എല്ലാ കേന്ദ്രങ്ങളിലും പൊലീസും ഫയർഫോഴ്സും റവന്യൂ ആരോഗ്യ വകുപ്പ് അധികൃതർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ക്ഷേത്രങ്ങൾക്ക് പുറമെ വീടുകളിലും പിതൃപൂജാ ചടങ്ങുകൾ നടത്തിയവരുമുണ്ട്. ആത്മ സമർപ്പണത്തോടെ നടത്തുന്ന ബലിയിലൂടെ പിതൃക്കൾക്ക് ഒരാണ്ടത്തേക്കുള്ള ഭക്ഷണമാണ് സമർപ്പിച്ചത്. ഇനി അടുത്ത വാവുദിനംവരെ കാത്തിരിപ്പിന്റേതാണ്.