കൊല്ലം: സർക്കാർ വിദ്യാലയങ്ങളെ നിലനിറുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രീപ്രൈമറി വിഭാഗത്തിൽ നിയമന നിഷേധം. റാങ്ക് പട്ടികയിലുള്ളവരെ പൂർണമായും തഴയുന്നുവെന്നാണ് ആക്ഷേപം. പി.എസ്.സി നിയമനം നടത്തുന്ന 56 മോഡൽ പ്രീ-പ്രൈമറി വിദ്യാലയങ്ങൾ മാത്രമാണ് സംസ്ഥാനത്തുള്ളത്. എന്നാൽ 2211 പ്രീ-പ്രൈമറി വിദ്യാലയങ്ങളിലേക്ക് നിയമനം നടത്തുന്നത് അതാത് പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ്.
സർക്കാർ മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലാത്തവരും ഇത്തരത്തിൽ പ്രീ-പ്രൈമറി വിഭാഗത്തിൽ അദ്ധ്യാപകരാകുന്നുണ്ടെന്ന് നേരത്തെ മുതൽ പരാതികളുണ്ട്. മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളെ പ്രായത്തിന് അനുസരിച്ച് ശേഷി വികാസങ്ങൾ നേടിയെടുക്കുന്നതിന് പ്രീ-പ്രൈമറി വിഭാഗം അത്യന്താപേക്ഷിതമാണ്.
ഈ മേഖലയിൽ സർക്കാർ അംഗീകൃത കോഴ്സുകൾ പാസായവരാണ് നിയമിക്കപ്പെടേണ്ടത്. അൺ- എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയച്ചിരുന്നവർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ എത്തിച്ചു. അവിടെ കുഞ്ഞുകുട്ടികൾക്കായി പ്രീ-പ്രൈമറി വിഭാഗം ശക്തിപ്പെടുത്തിയതുമാണ്. എന്നാൽ തുടർന്ന് ഇവ വൈദഗ്ദ്ധ്യമുള്ള പരിശീലകരെ ഉപയോഗിച്ച് നിലനിറുത്തുന്നതിൽ പരാജയപ്പെട്ടു. വർണക്കൂടാരമടക്കമുള്ള പദ്ധതികൾ നടപ്പാക്കിവരുന്ന വിദ്യാലയങ്ങളിൽ പ്രീ-പ്രൈമറി വിഭാഗം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്.
റാങ്ക് ലിസ്റ്റിൽ നിയമനമില്ല
പ്രീ-പ്രൈമറി അദ്ധ്യാപക തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമനം നടക്കുന്നില്ല. 2019ൽ നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട് ഏഴ് ജില്ലകളിൽ ഇപ്പോഴും റാങ്ക് ലിസ്റ്റ് നിലനിൽക്കുന്നു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കുന്നില്ല. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കടക്കം നിവേദനം നൽകി.
കെ.ലതിക, എസ്.സജിത, എസ്.സുമ, ടി.രാജി
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ