road
തകർന്ന് കിടക്കുന്ന കണ്ടച്ചിറ-ചാത്തിനാംകുളം-ചന്ദത്തോപ്പ് റോഡ്.

കൊല്ലം: കണ്ടച്ചിറ ചീപ്പ് മുതൽ ചാത്തിനാംകുളം - ചന്ദനത്തോപ്പ് വരെയുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ലെന്നാക്ഷേപം. കണ്ടച്ചിറ ചീപ്പ് ഭാഗത്ത് നിന്ന് ചന്ദനത്തോപ്പ് വരെയുള്ള രണ്ട് കിലോമീറ്ററുള്ള റോഡാണ് നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്നത്.

റോഡിന്റെ ഒരുവശം കോർപ്പറേഷന് കീഴിലും മറ്റൊരുഭാഗം പനയം പഞ്ചായത്തിലുമാണ്. ജെ.മേഴ്‌സിക്കുട്ടിഅമ്മ മന്ത്രിയായിരുന്ന കാലത്ത് ഫീഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് റോഡ്. മുമ്പ് പലതവണ നാട്ടുകാർ പഞ്ചായത്തിനും കോർപ്പറേഷനും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

നിത്യേന നൂറിലധികം വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡിനാണ് ദുർഗതി. നിലവിൽ പഞ്ചായത്ത് അധീനതിയിലാണ് റോഡ് പരിപാലനം. എട്ട് വർഷത്തിലേറെയായി റോഡിൽ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ചെറിയ കുഴികളായിരുന്നവ ഇപ്പോൾ ഗർത്തങ്ങളായി.

ഇരുചക്ര വാഹന യാത്രക്കാരണ് അപകടത്തിൽപ്പെടുന്നവരിലേറെയും. മഴക്കാലത്ത് റോഡിലെ കുഴിയിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ട്. ഓട്ടോറിക്ഷകൾ ഉൾപ്പടെ കണ്ടച്ചിറ-ചാത്തിനാംകുളം-ചന്ദനത്തോപ്പ് റോഡിന്റെ ശോച്യാവസ്ഥമൂലം സർവീസ് നടത്താൻ തയ്യാറാകാത്ത അവസ്ഥയാണ്. തകർന്ന റോഡിലൂടെയുള്ള സ്ഥിരം യാത്ര നാട്ടുകാരെ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും തള്ളിവിട്ടു.

സമയത്ത് എത്തണേൽ മുന്നേ ഉറങ്ങണം

അഞ്ചാലുംമൂട്, പെരിനാട് റെയിൽവേ സ്‌റ്റേഷൻ, കരിക്കോട് ടി.കെ.എം കോളേജ്, ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ , ചാത്തിനാംകുളം എം.എസ്.എം എച്ച്.എസ്.എസ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പോകനുള്ള വഴിയായതിനാൽ ഇവിടങ്ങളിലേക്ക് പോകേണ്ടവർ കൂടുതലായും ആശ്രയിക്കുന്നത് ഈ വഴിയാണ്. എന്നാൽ റോഡ് തകർന്നതിനാൽ പലർക്കും കൃത്യസമയത്ത് എത്താനാകുന്നില്ല.

റോഡ് നന്നാക്കാൻ ഉപവാസം

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പനയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം ഉപവാസ സമരം നടത്തി. കണ്ടച്ചിറ കായൽ വാരം - മുടന്തിയാരുവിള റോഡ് നവീകരണത്തിന് ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഭരണാനുമതിക്കായി എം. മുകേഷ് എം.എൽ.എ 2022ൽ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. 2.70 കോടിരൂപയാണ് ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നത്. ഇതുവരെ ഭരണാനുമതി ലഭിച്ചില്ല.

ഫണ്ടിന്റെ അപര്യാപ്തയാണ് റോഡ് നന്നാക്കുന്നതിൽ കാലതാമസം ഉണ്ടാക്കുന്നത്.

പൊതുമരാമത്ത് അധികൃതർ