കൊല്ലം: വിക്ടോറിയ ആശുപത്രിയിലെ ഡിസ്ട്രിക് ഏർലി ഇന്റർവെൻഷൻ സെന്ററിൽ (ഡി.ഇ.ഐ.സി) നിന്നുള്ള മരുന്ന് കുറുപ്പടികൾക്ക് വരും ദിവസങ്ങളിൽ കാരുണ്യ മെഡിക്കൽ സ്റ്റോറിൽ നിന്ന് സൗജന്യമായി മരുന്ന് ലഭിക്കും. ഡി.ഇ.ഐ.സിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഡി.എം.ഒ വിളിച്ചുചേർത്ത യോഗത്തിന്റെ മിനിട്സ് കാരുണ്യ മെഡിക്കൽ സ്റ്റോർ അധികൃതർക്ക് കൈമാറി.
ഡി.ഇ.ഐ.സിയുടെ പ്രവർത്തനം പുനരാരംഭിച്ചതായി രേഖാമൂലം അറിയിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞാണ് മരുന്ന് കുറിപ്പടികൾക്ക് വിക്ടോറിയയിലെ കാരുണ്യ മെഡിക്കൽ സ്റ്റോറിൽ നിന്ന് സൗജന്യമരുന്ന് നിഷേധിച്ചത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (ആർ.ബി.എസ്.കെ) പദ്ധതിയുടെ ഭാഗമായാണ് വിക്ടോറിയിലെ ഡി.ഇ.ഐ.സിയുടെ പ്രവർത്തനവും കാരുണ്യയിൽ നിന്നുള്ള സൗജന്യ മരുന്ന് വിതരണവും. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കാണ് ഡി.ഇ.ഐ.സി വഴി സൗജന്യ മരുന്നും ചികിത്സയും. ചികിത്സ പുനരാരംഭിച്ചെങ്കിലും സൗജന്യമായി മരുന്ന് ലഭിക്കാത്തതിനാൽ പുറത്ത് നിന്ന് വൻ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലായിരുന്നു രക്ഷിതാക്കൾ.
ഡി.ഇ.ഐ.സിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനമടങ്ങിയ ഡി.എം.ഒ വിളിച്ചുചേർത്ത യോഗത്തിന്റെ മിനിട്സ് വിക്ടോറിയയിൽ പ്രവർത്തിക്കുന്ന കാരുണ്യ മെഡിക്കൽ സ്റ്റോറിന് കൈമാറി.
ഡോ. കെ.വി.സുമി
സൂപ്രണ്ട്, വിക്ടോറിയ ആശുപത്രി