neurologist

കൊല്ലം: ജില്ലാ ആശുപത്രിയിലെ ന്യൂറോ ഒ.പി ആഴ്ചയിൽ രണ്ട് ദിവസമുണ്ടെങ്കിലും കാര്യമായി പരിശോധിക്കുന്നത് പരമാവധി 100 രോഗികളെ മാത്രം. പലദിവസങ്ങളിലും 50 ഒ.പി പിന്നിട്ട ശേഷം വരുന്ന രോഗികളെ പരിശോധനയില്ലാതെ റഫർ ചെയ്യുന്നുവെന്ന പരാതിയും വ്യാപകമാണ്.

അതിരാവിലെ വീട്ടിൽ നിന്നിറങ്ങി ജില്ലാ ആശുപത്രിയിൽ ഏറെ നേരം ക്യൂ നിന്ന് ടോക്കണും പിന്നീട് ഒ.പി ടിക്കറ്റുമെടുത്താണ് പലരും ന്യൂറോ ഒ.പിക്ക് മുന്നിലെത്തുന്നത്. ന്യൂറോ ഒ.പിയിലേക്ക് 75 പേർക്ക് വരെ ഒ.പി ടിക്കറ്റ് നൽകും. പക്ഷെ ഒ.പി നമ്പ‌ർ 50 കഴിഞ്ഞാണെങ്കിൽ അതിരാവിലെ വീട്ടിൽ നിന്നിറങ്ങി ക്യൂ നിന്നത് വെറുതെയാകും. ജില്ലാ ആശുപത്രിയാണെങ്കിലും ഇവിടെ ന്യൂറോജിസ്റ്റിന്റെ സ്ഥിരം തസ്തികയില്ല. വർക്കിംഗ് അറേയ്ഞ്ച്മെന്റിലെത്തിയ ന്യൂറോജിസ്റ്റിന്റെ നേതൃത്വത്തിലാണ് ഒ.പി നടക്കുന്നത്. ന്യൂറോ സംബന്ധമായ രോഗങ്ങളുമായി ഇവിടെ 20ൽ താഴെ രോഗികളെ കിടത്തി ചികിത്സയിലുണ്ടാകൂ. അതുകൊണ്ട് ന്യൂറോ ഒ.പി ആഴ്ചയിൽ മൂന്ന് ദിവസമാക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ആശുപത്രി അധികൃതർ പരിഗണിക്കുന്നില്ല.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ന്യൂറോ ഒ.പിയുണ്ടെങ്കിലും വലിയ തിരക്കാണ്. പിന്നീട് ആശ്രയിക്കാവുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വരെ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളവരും സ്വകാര്യ ആശുപത്രികളിൽ പോകാൻ പണമില്ലാത്തവരുമാണ് ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ഇവിടെ ന്യൂറോജിസ്റ്റിന്റെ സ്ഥിരം തസ്തികകൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ പരിഗണിക്കുന്നില്ല.

സ്ഥിരം ന്യൂറോളജിസ്റ്റില്ല

 ചികിത്സിക്കാൻ സ്ഥിരം ന്യൂറോളജസ്റ്റില്ല

 എത്തുന്നത് പക്ഷാഘാതം നേരിട്ടവർ
 പക്ഷാഘാതത്തിന്റെ തുടർ ചികിത്സ
 തലച്ചോറിലെ അണുബാധ

 നാഡിവ്യവസ്ഥയിലെ അണുബാധ
 അപസ്മാരം

 നാഡി സംബന്ധ രോഗങ്ങൾ

ന്യൂറോ ഒ.പിയുള്ള ദിവസങ്ങളിൽ 75 ഒ.പി ടിക്കറ്റ് വരെ നൽകുന്നുണ്ട്. സ്ഥിരം ന്യൂറോളജിസ്റ്റിന്റെ തസ്തികയയ്ക്ക് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എ.അനിത,

ജില്ലാ ആശുപത്രി സൂപ്രണ്ട്