കൊല്ലം: മരണമടഞ്ഞ പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കാൻ കർക്കടക വാവ് ദിനത്തിൽ ജില്ലയുടെ വിവിധ പിതൃതർപ്പണ കേന്ദ്രങ്ങളിൽ ബലി തർപ്പണം നടത്തി പതിനായിരങ്ങൾ. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ തന്നെ വിവിധ സ്‌നാന ഘട്ടങ്ങളിലേക്ക് വിശ്വാസികൾ എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ പുലർച്ചെ ആരംഭിച്ച ബലിതർപ്പണം ഇന്ന് രാവിലെ സമാപിക്കും.
കൊല്ലം മുണ്ടയ്ക്കൽ പാപനാശനം സ്‌നാനഘട്ടം, തിരുമുല്ലവാരം കടപ്പുറം, അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രക്കടവ്, പരവൂർ കോങ്ങാൽ പനമൂട് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ പതിനായിരങ്ങളാണ് പിതൃതർപ്പണത്തിന് എത്തിയത്. മയ്യനാട് താന്നി സ്വർഗപുരം ദേവീക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ താന്നി കടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ നടന്നു. മുണ്ടയ്ക്കൽ പാപനാശനം തീരത്ത് മുണ്ടയ്ക്കൽ ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടന്നത്. കരുനാഗപ്പള്ളിയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രങ്ങളും കടവുകളും കടൽത്തീരങ്ങളും കേന്ദ്രീകരിച്ച് ഒരുക്കിയിരുന്നത്. മൂക്കുംപുഴ, ചെറിയഴീക്കൽ, ആലപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, കുഴിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൂക്കോട് ക്ഷേത്രം, സ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രം, തേവർകാവ് തുടങ്ങി പത്തോളം ഇടങ്ങളിൾ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ തയ്യാറാക്കിയിരുന്നു. തൃപ്പാവുമ്പ ക്ഷേത്രം, പുളിക്കാമഠം ക്ഷേത്രം, തുറയിൽകടവ് , കുന്നത്തൂർ പടിഞ്ഞാറേ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രം, കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രം, കുന്നത്തൂർ കൊക്കാംകാവ് ഭഗവതിക്ഷേത്രം, ശൂരനാട് വടക്ക് കരിങ്ങാട്ടിൽ ശിവ-പാർവതീ ക്ഷേത്രം, കാഞ്ഞിരത്തുംകടവ് വില്ലാടസ്വാമി ക്ഷേത്രം, പോരുവഴി കുറുമ്പകര ക്ഷേത്രം,നീണ്ടകര പുത്തൻതുറ ആൽത്തറമൂട് മഹാദേവ ക്ഷേത്രം, പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രം, കുമ്മിൾ മീൻകുട്ടി ക്ഷേത്രം, മൺറോത്തുരുത്ത് വൈകുണ്ഠപുരം ദേവസ്വം അനന്തശയന മഹാവിഷ്ണു ക്ഷേത്രം, പട്ടാഴി കേരള മംഗലം മഹാവിഷ്ണു ക്ഷേത്രം, ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രം, പൊഴിക്കര പനമൂട്ടിൽ കുടുംബ മഹാദേവ ക്ഷേത്രം, പുതിയകാവ് ശ്രീനീലകണ്ഠ തീർത്ഥപാദാശ്രമം, ആര്യങ്കാവ് ധർമ്മശാസ്താ ക്ഷേത്രം, പാലരുവി ജലപാതം, ഉറുകുന്ന് ദേവീക്ഷേത്രം തുടങ്ങി എല്ലായിടത്തേക്കും പിതൃക്കളെ അന്നമൂട്ടാൻ ഉറ്റവരെത്തിയിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലും ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.