joli

കൊല്ലം: തിരക്കേറിയ ജീവിതത്തിനിടയിൽ വീട്ടുജോലികൾ തീർക്കാൻ പാടുപെടുന്നവർക്ക് സഹായവുമായി കുടുംബശ്രീ. അടുക്കള കാര്യം മുതൽ പ്രസവ ശ്രുശ്രൂഷ വരെ നിർവഹിക്കാൻ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾ ഒറ്റ ഫോൺകോളിൽ വീട്ടിലെത്തും.

കുടുംബശ്രീയുടെ തൊഴിൽദാന പദ്ധതിയായ കെ ലിഫ്ട് പദ്ധതിയുടെ ഭാഗമായുള്ള 'ക്വിക്ക് സർവ് ' പദ്ധതി വഴിയാണ് സേവനങ്ങൾ.

ജില്ലയിൽ പദ്ധതി ഉടൻ ആരംഭിക്കും. കോർപ്പറേഷൻ ഉൾപ്പെടെ എല്ലാ നഗരസഭകളിലും പ്രവർത്തിക്കുന്നതിനുള്ള ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് അടുത്ത ഘട്ടമെന്ന നിലയിൽ കുടുംബശ്രീ സംസ്ഥാന മിഷൻ എംപാനൽ ചെയ്ത ഏജൻസി വഴി പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ടീമിൽ നിന്ന് അഞ്ച് പേരെ ഉൾപ്പെടുത്തി സംരംഭക ഗ്രൂപ്പ് മുഖേന പ്രവർത്തനം നടത്തും. കുടുംബശ്രീ നഗര സി.ഡി.എസിൽ അംഗങ്ങളായവർക്കോ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ ടീം രൂപീകരിക്കാം.

കുടുംബങ്ങളിലെ ആളുകളുടെ ജീവിതം ആയാസ രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ സംസ്ഥാന മിഷൻ ക്വിക്ക് സെർവ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

വീട്ടുജോലി, പാചകം, കുട്ടിയെ ശ്രുശ്രൂഷിക്കൽ, കിടപ്പുരോഗികളുടെയും വൃദ്ധരുടെയും പരിചരണം, വാഹനം വൃത്തിയാക്കൽ എന്നിവയാണ് ആദ്യഘട്ടത്തിൽ ലഭിക്കുക. നഗരസഭ സി.ഡി.എസ് പ്രതിനിധികളും നഗരസഭ സെക്രട്ടറി, ജില്ലാ മിഷൻ കോ-ഓഡിനേറ്ററുടെ പ്രതിനിധി എന്നിവരുമടങ്ങുന്ന മാനേജ്‌മെന്റ് കമ്മിറ്റി ക്വിക്ക് സെർവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും. മൂന്ന് മുതൽ എട്ടുപേർ വരെ അടങ്ങുന്ന അർബൻ സർവീസ് ടീമായിരിക്കും ക്വിക്ക് സെർവിന്റെ നടത്തിപ്പ് ചുമതല. 300ൽഅധികം വനിതകളാണ് നിലവിൽ സേവന സന്നദ്ധരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓരോ സേവനങ്ങൾക്കുമുള്ള ഏകീകരിച്ച നിരക്കുകൾ ഉടൻ പ്രസിദ്ധീകരിക്കും.

പരിചരണത്തിന് 'ക്വിക്ക് സെർവ്' ടീം

 പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങൾ

 പ്രത്യേക യൂണിഫോം, ഐ.ഡി കാർഡ്

 നടത്തിപ്പ് സുഗമമാക്കാൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് കോൾ സെന്റർ

 ആപ്പ് തയ്യാറാക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

 ഒരു നഗരസഭ പരിധിയിൽ ഒരു അർബൻ സർവീസ് ടീം

ജില്ലയിൽ പദ്ധതി ആരംഭിക്കുന്നതിന്റെ അവസാനവട്ട ഒരുക്കത്തിലാണ്. ജീവനക്കാർക്കുള്ള പരിശീനം നടന്നുകൊണ്ടിരിക്കുകയാണ്.

കുടുംബശ്രീ ക്വിക്ക് സെർവ് അധികൃതർ