അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ പ്രാദേശിക വികസനത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചത് വികസനത്തിന് തടസമാകുമെന്നും ഇത് പ്രതിഷേധാർഹമാണെന്നും കോൺഗ്രസ് നേതാവും പ‌ഞ്ചായത്ത് അംഗവുമായ രാജീവ് കോശി പറഞ്ഞു. മെയിന്റൻസ് ഗ്രാന്റ് ഉപയോഗിച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കേണ്ടതാണ്. ഇത് പൂർണമായും ഒഴിവാക്കി. പട്ടികജാതിക്കാരുടെ ഭവന പദ്ധതിയും ഉപേക്ഷിച്ചു. വ്യക്തിഗത ആനൂകൂല്യങ്ങളും നിറുത്തലാക്കി. ലൈഫ് മിഷൻ വീട് ലഭിക്കുന്നതിനായി കാത്തിരുന്നവർക്കും നിരാശയാണ് ഫലം. കാർഷിക മേഖലയിലും പ്രവർത്തനങ്ങൾ മന്ദഗതിയിലായി. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കി സഞ്ചാരയോഗ്യമാക്കേണ്ട നിരവധി റോഡുകളുടെ നിർമ്മാണവും നിലച്ചു. വികസന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന ഇടമുളയ്ക്കൽ പഞ്ചായത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന പ്രവർത്തനമാണ് പദ്ധതി വെട്ടികുറച്ചതിലൂടെ നടക്കുന്നതെന്ന് രാജീവ് കോശി പറഞ്ഞു.