കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാത വീതികൂട്ടി വികസിപ്പിക്കാൻ മത്ത് വകുപ്പ് നടത്തേണ്ട സർവ്വേയ്ക്കുള്ള നടപടികൾ സ്തംഭനത്തിൽ. എൻ.എച്ച്.എ.ഐ ഒരുമാസം മുൻപ് ആവശ്യപ്പെട്ട സർവ്വേയ്ക്കുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ്- എൻ.എച്ച് വിഭാഗം ഇതുവരെ സമർപ്പിച്ചിട്ടില്ല.

ദേശീയപാത ആരംഭിക്കുന്ന ചിന്നക്കട മുതൽ ഗ്രീൻഫീൽഡ് ഹൈവേ ചേരുന്ന അ‌ഞ്ചൽ പത്തടി വരെ പുറമ്പോക്ക് സഹിതം നിലവിലുള്ള വീതി തിട്ടപ്പെടുത്തുകയാണ് സർവേയുടെ ലക്ഷ്യം. അതിൽ നിന്നും പാത 12 മീറ്ററിൽ വികസിപ്പിക്കാൻ എത്രമാത്രം ഭൂമി ഏറ്റെടുക്കണമെന്ന് കണ്ടെത്തി പദ്ധതിക്ക് ആകെ ചെലവാകുന്ന തുക കണക്കാക്കിയാലെ ദേശീയപാത അതോറിറ്റിക്ക് പ്രാഥമിക രൂപരേഖ തയ്യാറാക്കാനാകു. എൻ.എച്ച്.എ.ഐ സ്വന്തം നിലയിൽ ഈ പാത വികസിപ്പിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ കൺസൾട്ടൻസിയെ നിയോഗിച്ച് നടത്തിയ പഠനത്തിൽ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന നിഗമനത്തിൽഎത്തിയതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. പിന്നീട് മന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ചർച്ചയിലാണ് പൊതുമരാമത്ത് വകുപ്പ് മുഖേന വീണ്ടും സർവ്വേ നടത്താൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥരുടെ കുറവാണ് എസ്റ്റിമേറ്റ് വൈകാനുള്ള കാരണമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.

 എൻ.എച്ച്.എ.ഐ സർവ്വേയ്ക്ക് പണം നൽകും

 പുറമ്പോക്ക് അളന്ന് തിരിച്ച് കല്ലിടണം
 ഏറ്റെടുക്കേണ്ട സ്ഥലം എൻ.എച്ച്.എ.ഐ കണക്കാക്കും

 കാര്യമായ സാമ്പത്തിക ചെലവില്ലെങ്കിൽ പദ്ധതി മുന്നോട്ട്

 ലക്ഷ്യമിടുന്നത്

ആകെ വീതി -12 മീറ്റർ
ക്യാരേജ് വേ - 7.5 മീറ്റർ

ഇരുവശത്തും 1.5 മീറ്റർ പേവ്ഡ് ഷോൾഡർ

യൂട്ടിലിറ്റി ഏരിയ - 2 മീറ്റർ

'' പൊതുമരാമത്ത് വകുപ്പ് സർവ്വേയ്ക്കുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചാലുടൻ പരിശോധിച്ച് അനുമതി നൽകും. ""

എൻ.എച്ച്.എ.ഐ അധികൃതർ

 മൂന്ന് ജംഗ്ഷനുകളിൽ പഠനം തുടങ്ങി

കൊല്ലം- തിരുമംഗലം പാതയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന ബ്ലാക്ക് സ്പോട്ടുകളായ എഴുകോൺ, കിഴക്കേത്തെരുവ്, പുലമൺ ജംഗ്ഷനുകളിൽ നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ സർവ്വേ തുടങ്ങി. ഇവിടെ അപകടങ്ങൾ ഒഴിവാക്കാനുള്ള പരിഷ്കാരങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കുകയാണ്. ലക്ഷ്യം.