കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രത്തിൽ കർക്കിടക വാവുദിനത്തോടനുബന്ധിച്ച് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെത്തി ബലിയർപ്പിച്ച് മടങ്ങി. ഒരേ സമയം 750 പേർക്ക് ഇരുന്ന് ബലി തർപ്പണം നടത്താനുള്ള സൗകര്യമാണ് ക്ഷേത്രോപദേശക സമിതി ഒരുക്കിയിരുന്നത്. വൈകിട്ട് 3 വരെ ബലി തർപ്പണ പൂജകൾ തുടർന്നു. വർക്കല വലിയവിളാകം ശ്രീഭദ്രാദേവീ ക്ഷേത്രം മേൽശാന്തി രാജേഷ് പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ബലി തർപ്പണ ചടങ്ങുകൾ നടന്നത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിനായക എസ്.അജിത്കുമാർ, സെക്രട്ടറി മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് രാജേഷ് ബാബു, ഉപദേശക സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ബലി തർപ്പണത്തിനെത്തിയവർക്ക് അരുൺ കാറ്ററിംഗ് സർവീസ് ഉടമ അരുണിന്റെ വഴിപാടായി പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.