കൊട്ടാരക്കര: നഗരസഭയുടെ ഹൃദയഭാഗത്തുള്ള വിദ്യാനഗർ റോഡ് ഇനിയും ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. നഗരസഭ വൈസ് ചെയർമാന്റെ വാർഡായ കിഴക്കേക്കര ഗേൾസ് ഹൈസ്കൂൾ റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. കൊട്ടാരക്കര ഗവ.ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, യു.ഐ.ടി സെന്റർ, വനിതാ കോടതി, സ്ഥലം എം.പി കൊടിക്കുന്നിൽ സുരേഷിന്റെ ഓഫീസ്, പൊലീസ് ക്വാർട്ടേഴ്സ്, ഏഷ്യനെറ്റ് ഓഫീസ് , കമ്പ്യൂട്ടർ സെന്റർ,മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗത്തെ റോഡാണ് ടാറും മെറ്റലും ഇളകി കാൽ നട യാത്ര പോലും ദുഷ്ക്കരമായ തീതിയിൽ കിടക്കുന്നത്.
കുഴികളും തടങ്ങളും
നൂറു കണക്കിന് വിദ്യാർത്ഥികളും വിവിധ ആവശ്യങ്ങൾക്കായി എം.പിയുടെ ഓഫീസിലും മറ്റുംവന്നു പോകുന്ന യാത്രക്കാരും ഇവിടെ യാത്രാദുരിതമനുഭവിക്കുകയാണ്. മഴു പെയ്ത് റോഡു മുഴുവൻ കുഴികളും തടങ്ങളുമായി.സ്വന്തമായി വാഹനമുള്ളവർക്കു പോലും റോഡ് തകർന്നു കിടക്കുന്നതിനാൽ ഇതുവഴി പോകാൻ മടിയാണ്.
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് റോഡു പണിക്ക് 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇനിയും നടപടികൾ ആരംഭിച്ചിട്ടില്ല. എത്രയും വേഗം റോഡ് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണം.
പ്രദേശവാസികൾ