കരുനാഗപ്പള്ളി : മസ്തിഷ്ക മരണത്തെ തുടർന്ന് അവയവദാനം നൽകി നാടിന് മാതൃകയായ ഡാലിയ ടീച്ചറുടെ സ്മരണക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് സ്കൂളുകളുടെ ആഭിമുഖ്യത്തിൽ എൻ.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടി എൻ.എസ് ആശുപത്രി ഭരണസമിതി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി.മീന അദ്ധ്യക്ഷയായി. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ സ്വാഗതം പറഞ്ഞു. ക്ലാപ്പന സുരേഷ് ഡാലിയ ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ എൽ. ശ്രീലത, പ്രിൻസിപ്പൽ ഐ.വീണാറാണി, ടി.സരിത, കെ.ജി.അമ്പിളി, ജെ. പി.ജയലാൽ, ബി.എ. ബ്രിജിത്ത്, ഡാലിയ ടീച്ചറുടെ ഭർത്താവ് ശ്രീകുമാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.