കൊല്ലം: ജനാധിപത്യത്തിന്റെ ബാലപാഠം പഠിച്ച് ഗവ. ടി.ടി.ഐയിലെ വിദ്യാർത്ഥികൾ. സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണമായും തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയുമാണ് കടന്നുപോയത്. സമയബന്ധിതമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഏഴ് സ്ഥാനാർത്ഥികളിൽ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് എതിരില്ലാതെ നക്ഷത്ര വിജയിച്ചു.
ആറു പേരാണ് അവസാനഘട്ടത്തിൽ മത്സര രംഗത്തുണ്ടായിരുന്നത്. സ്‌ക്കൂൾ ലീഡർ സ്ഥാനത്തേക്ക് നാലു പേരും, ആരോഗ്യ മന്ത്രി സ്ഥാനത്തേക്ക് രണ്ടു പേരും വീതവുമാണ് മത്സരിച്ചത്. ജനാധിപത്യ വ്യവസ്ഥയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പഠിക്കാൻ കുട്ടികൾക്കിതിലൂടെ കഴിഞ്ഞതായി ടി.ടി.ഐ അധികൃതർ പറഞ്ഞു.
വോട്ടെണ്ണലിന് ശേഷം വിജയികളെ സ്‌കൂൾ പ്രിൻസിപ്പൽ ഇ.ടി.സജി പ്രഖ്യാപിച്ചു. സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് മുസ്തഫയെയും ആരോഗ്യ മന്ത്രി സ്ഥാനത്തേക്ക് ജെനി ഫ്രാൻസിസിനെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടപടികൾക്ക് പി.കെ.ഷാജി, എം.പി.ജോൺ, സൂസമ്മ അലക്‌സ് എന്നിവർ നേതൃത്വം നൽകി.