അഞ്ചൽ: തിരക്കേറിയ റോഡിൽ അമിത വേഗതയിലെത്തിയ ആംബുലൻസ് ബൈക്ക് യാത്രികനെയും മറ്റൊരു വാഹനത്തെയും ഇടിച്ചു തെറിപ്പിച്ചു. ബൈക്ക് യാത്രികനായ പനച്ചവിള പുത്താറ്റ് രമ്യ ഭവനിൽ വിഷ്ണുവിനെ (20) ഗുരുതര പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയൂർ ജംഗ്ഷനിൽ അണ്ണെ ആശുപത്രിക്ക് മുന്നിലാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിലെത്തിയ ആംബുലൻസ് ബൈക്കിനെ ഇടിച്ച ശേഷം മുന്നോട്ട് നീങ്ങുകയും പിന്നീട് റിവേഴ്സിൽ വന്ന് വീണ്ടും ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവത്രേ.
തുടർന്ന് മുന്നോട്ട് എടുത്ത ആംബുലൻസ് നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ഇടത്തോട്ട് തിരിഞ്ഞ് പൂക്കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക് അപ്പ് വാഹനത്തെ ഇടിച്ച ശേഷം നിറുത്താതെ ഓടിച്ചു പോയി. ആംബുലൻസ് ഡ്രൈവർ മദ്യലഹരിയിലാണ് ഈ പരാക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഞ്ചൽ സർവീസ് സഹകരണ ബാങ്കിന്റേതാണ് ആംബുലൻസ്. .
ചടയമംഗലം പൊലീസ് കേസെടുത്തു.