കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയയാൾ പിടിയിൽ. പനയം ചിറ്റയം ചിറയിൽ പുത്തൻ വീട്ടിൽ ഗുണ്ട് പ്രസാദ് എന്ന ശിവപ്രസാദാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 31, 1, 2 തീയതികളിൽ രാത്രി മങ്ങാട് സ്ഥിരതാമസക്കാരില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി വീടിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന ഓട്ടുപാത്രങ്ങളും അലൂമിനിയം പാത്രങ്ങളും മോഷ്ടിക്കുകയായിരുന്നു.
75000 രൂപയുടെ വീട്ടുപകരണങ്ങളാണ് കടത്തിയത്. വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. കിളികൊല്ലൂർ എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ് കുമാർ, സി.പി.ഒ മാരായ ഗോപൻ, ഷൺമുഖൻ, വിനോദ്, അനിതാകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.