പുത്തൂർ: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുത്തൂർ കാരിക്കൽ മുണ്ടുപാലക്കുന്നിൽ ശ്രീനിയുടെയും വാസന്തിയുടെയും മകൻ ഹരിലാൽ.വി.ശ്രീനിയാണ് (24) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ ചുങ്കത്തറ കല്ലുംമൂട് ജംഗ്ഷനിൽ കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടരക്കരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കൊട്ടാരക്കരയിൽ നിന്ന് വരുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ബോണറ്റിലേക്ക് ഇടിച്ചുകയറിയ സ്കൂട്ടർ പുത്തൂർ പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഹരിലാലിനെ കൊട്ടാരക്കര ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
കുടുംബത്തിന്റെ അത്താണി
പുത്തൂർ: വാഹനാപകടത്തിൽ മരിച്ച ഹരിലാൽ നിർദ്ധന കുടുംബത്തിന്റെ അത്താണിയായിരുന്നു. അച്ഛനും അമ്മയും കൂലിപ്പണിയാണ്. ജ്യേഷ്ഠന് ഒരു വർഷം മുമ്പുണ്ടായ അപകടത്തിൽ കാൽ നഷ്ട്ടപ്പെട്ടിരുന്നു. പഠനത്തോടൊപ്പം ഇവന്റ് മാനേജ്മെന്റിൽ ജോലി ചെയ്തിരുന്ന ഹരിലാൽ ഡാൻസ് പ്രോഗ്രാമിനും പോയിരുന്നു.